ചെന്നൈ: എന്‍.ഡി.എയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സി.പി രാധാകൃഷ്ണനെ പിന്തുണക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡി.എം.കെ നേതാക്കള്‍. പ്രത്യയശാസ്ത്രം എല്ലാത്തിനുമുപരിയെന്ന് നേതാക്കള്‍ പറഞ്ഞു.
സി.പി രാധാകൃഷ്ണനെ പിന്തുണയ്ക്കാന്‍ ഡി.എം.കെയെ സമ്മര്‍ദത്തിലാക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകവും എ.ഐ.എ.ഡി.എം.കെയും ‘തമിഴ്’ കാര്‍ഡ് ഉപയോഗിക്കുമ്പോഴും, പ്രത്യയശാസ്ത്രം എല്ലാറ്റിനുമുപരിയാണെന്നും സി.പിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശമില്ലെന്നും ഡി.എം.കെ നേതാക്കള്‍ പറഞ്ഞു.
‘ഞങ്ങള്‍ പ്രത്യയശാസ്ത്രത്തിന് മാത്രമേ മുന്‍ഗണന നല്‍കൂ. രാധാകൃഷ്ണന്‍ തമിഴനാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഞങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ എന്താണെന്ന് നമ്മള്‍ നോക്കണം.
ബി.ജെ.പി തമിഴിനോ തമിഴ്‌നാടിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കീഴടിയിലെ ഖനന റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചിട്ടില്ല, സംസ്ഥാനത്തിന് നല്‍കേണ്ട ഫണ്ട് അനുവദിച്ചിട്ടില്ല, തമിഴ്‌നാടിന്റെ വികസനത്തോട് വിമുഖത കാണിക്കുന്നു,’ ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ ടി.എന്‍.ഐ.ഇയോട് പറഞ്ഞു.
മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണനെതിരെ ഡി.എം.കെ നടത്തിയ പ്രചാരണങ്ങളെക്കുറിച്ചും ഇളങ്കോവന്‍ പറഞ്ഞു.
‘മാത്രമല്ല, നമുക്കെല്ലാവര്‍ക്കും അറിയാം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനോട് ബി.ജെ.പി സര്‍ക്കാര്‍ എങ്ങനെയാണ് പെരുമാറിയതെന്ന്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡി.എം.കെയ്ക്ക് വേണ്ടി അഞ്ച് തവണ രാജ്യസഭാംഗമായ തിരുച്ചി ശിവ, മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ മയില്‍സ്വാമി അണ്ണാദുരൈ എന്നിവരുടെ പേരുകള്‍ ഇന്ത്യാ ബ്ലോക്കിന്റെ വി.പി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിട്ടുണ്ട്.
സി.പി രാധാകൃഷ്ണന് പിന്തുണ നല്‍കണമെന്ന് എ.ഐ.എഡി.എം.കെ ജനറല്‍ സെക്രട്ടറി ഇ.പി.എസും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തമിഴ്‌നാട്ടിന് അഭിമാനമാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.