ചെന്നൈ: കേരളത്തിലെ 24ാമത് മുഖ്യമന്ത്രിയായുള്ള വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്തി വിജയ് വിട്ടുനിന്നത് പ്രധാനമന്തി നരേന്ദ്ര മോദിയെ ഭയപ്പെട്ടിട്ടാണെന്ന ആരോപണവുമായി ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍. കേരളത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിട്ടും അവസാന നിമിഷം വിജയ് ചടങ്ങിനെത്തില്ലെന്ന് അറിയിക്കുകയായിരുന്നു.
വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. Photo: News Arena
വിജയ് ചടങ്ങിനെത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ മെയ് 22ന് മോദിയുമായി കൂടിക്കാഴ്ച്ചയുള്ള സാഹചര്യത്തിലാണ് അവസാന നിമിഷം തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നും ഇളങ്കോവന്‍ ആരോപിച്ചു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുന്നത് തിരിച്ചടിയാകുമെന്ന് തോന്നിയതിനാലാവണം വിജയ് യുടെ പിന്മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രി എന്നതിലുപരി തമിഴ് സൂപ്പര്‍ താരമായ വിജയ്‌യുടെ സാന്നിധ്യം സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കിയേക്കാനുള്ള സാധ്യതയും തുടര്‍ന്നുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് വിജയ് ചടങ്ങില്‍ നിന്നും പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാഹുല്‍ ഗാന്ധിയും വിജയ്‌യും. Photo: ANI
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുക്‌വിന്ദര്‍ സിങ് സുക്കു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായെത്തിയിരുന്നു.
Content Highlight: DMK leader accuses that Tamil Nadu CM Vijay didn’t attended Kerala swearing in ceremony in fear of Narendra Modi