| Sunday, 22nd March 2026, 3:39 pm

ഡി.എം.കെ.'വല്യേട്ടന്‍' കളിക്കുന്നു; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഖ്യം ഉപേക്ഷിച്ച് തമിഴക വാഴ്‌വുരിമൈ കച്ചി

അനിത സി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നാടകീയമായി ഭരണസഖ്യമായ എസ്.പി.എ(സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സ്)യില്‍ നിന്നും പിന്മാറി തമിഴക തമിഴക വാഴ്‌വുരിമൈ കച്ചി.

തന്റെ പാര്‍ട്ടിയെ അവഗണിക്കുകയാണെന്നും ഡി.എം.കെ വല്യേട്ടനാകാന്‍(big brother) ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പാര്‍ട്ടി സ്ഥാപകനായ ടി. വേല്‍മുരുകന്‍ സഖ്യം വിടുന്നതായി പ്രഖ്യാപിച്ചത്.

തന്റെ പാര്‍ട്ടി സഖ്യത്തിനുള്ളില്‍ അവഗണിക്കപ്പെടുകയാണ്. ഡി.എം.കെയ്ക്കാണ് സഖ്യത്തില്‍ സ്വാധീനമുള്ളതെന്നും വേല്‍മുരുകന്‍ പറഞ്ഞു. പന്റുട്ടി-കടലൂര്‍ ടി.ഡി മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഏക എം.എല്‍.എയാണ് വേല്‍മുരുകന്‍.

സീറ്റ് വിഭജന ചര്‍ച്ചയില്‍ തന്റെ പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു സീറ്റ് അനുവദിക്കാമെന്ന് പറയുകയും ചെയ്തു.ട്

സാമൂഹിക നീതി ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുമ്പും ഉന്നയിച്ചെങ്കിലും ഡി.എം.കെയ്ക്ക് അതിഷ്ടപ്പെട്ടിരുന്നില്ല.

എന്തിനാണ് നിങ്ങള്‍ ആവശ്യങ്ങളുന്നയിക്കുന്നതെന്നും മറ്റ് പാര്‍ട്ടികളൊന്നും കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നില്ലല്ലോയെന്നുമായിരുന്നു ഡി.എം.കെ തങ്ങളോട് ചോദിച്ചതെന്നും വേല്‍മുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡി.എം.കെ സര്‍ക്കാരിനോട് ചില ആവശ്യങ്ങളെങ്കിലും പൂര്‍ത്തീകരിച്ച് തരണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തമിഴക വാഴ്‌വുരിമൈ കച്ചി മറ്റൊരു സഖ്യത്തിന്റെ ഭാഗമാകും. അതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിലപ്പോള്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിക്കും, പക്ഷെ, എന്‍.ഡി.എയില്‍ ചേരില്ലെന്നും അദ്ദേഹം വിശദമാക്കി.

തമിഴ്‌നാട്ടില്‍ ഭരണം നടത്തുന്ന എസ്.പി.എ സഖ്യത്തിലെ പ്രധാനപാര്‍ട്ടിയാണ് ഡി.എം.കെ. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ഡി.എം.കെ നേതാക്കളാണ്.

സി.പി.ഐ, സി.പി.ഐ.എം, കോണ്‍ഗ്രസ്, വി.സി.കെ, എം.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

അതേസമയം, ഡി.എം.കെയുമായി സഖ്യം തുടരണോ എന്ന വിഷയത്തില്‍ സി.പി.ഐ.എം ചര്‍ച്ച തുടരുകയാണ്. ശനിയാഴ്ച ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും വിഷയത്തില്‍ അന്തിമ തീരുമാനത്തിലെത്തിയില്ല.

ശനിയാഴ്ച രാവിലെ 15 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഡി.എം.കെ അഞ്ച് സീറ്റാണ് സി.പി.ഐ.എമ്മിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Content Highlight: DMK is playing ‘Big Brother’; Tamilaga Vazhvurimai Katchi quits alliance just before elections

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more