ചെന്നൈ: ടി.വി.കെ മന്ത്രിസഭയിലേക്ക് മുസ്‌ലിം ലീഗും വി.സി.കെ യും പ്രവേശിച്ചതോടെ ഇരുപാർട്ടികൾക്കുമെതിരെ വിമർശനങ്ങളുമായി ഡി.എം.കെ. നിയമസഭാ തെരഞ്ഞടുപ്പ് വേളയിൽ ഡി.എം.കെ മുന്നണിയിലുണ്ടായിരുന്ന ഈ രണ്ട് പാർട്ടികളും കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെപോയ ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് ഡി.എം.കെയെ പ്രകോപിച്ചത്.
തിണ്ടിവനത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.സി.കെ നേതാവ് വന്നി അരശും, പാപനാസത്തുനിന്ന് വിജയിച്ച മുസ്‌ലിം ലീഗ് നേതാവ് എ. എം. ഷാജഹാനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷാജഹാൻ ന്യൂനപക്ഷ മന്ത്രിയായും വന്നി അരശു സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഇരു പാർട്ടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.രാജ രംഗത്തെത്തി.
‘എന്റെ തോട്ടത്തിലെ തെങ്ങ് വളഞ്ഞ് അയൽക്കാരന് കരിക്ക് നൽകുകയാണെങ്കിൽ, സാഹിത്യത്തിൽ അതിനെ ‘മുറ്റത്തെങ്ങ്’ (courtyard coconut tree) എന്ന് വിളിക്കാം. എന്നാൽ രാഷ്ട്രീയത്തിൽ ഇതിന് നമ്മൾ എന്താണ് പേരിടേണ്ടത്? അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
എന്നാൽ തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി.വി.കെ സർക്കാരിന് പിന്തുണ നൽകിയതെന്ന് വി.സി.കെയും മുസ്‌ലിം ലീഗും നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഈ തീരുമാനത്തെക്കുറിച്ച് ഡി.എം.കെ അധ്യക്ഷൻ എം. കെ. സ്റ്റാലിനെ മുൻകൂട്ടി അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
മറ്റ് പാർട്ടികളുടെ ദയവിലാണ് തങ്ങൾ വളർന്നത് എന്ന് എ. രാജയുടെ പരാമർശങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് വി.സി.കെ പറഞ്ഞു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ വിയർപ്പും ചോരയും കൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ അടിത്തറ പടുത്തുയർത്തിയതെന്നും വി.സി.കെ എക്സ് അകൗണ്ടിൽ പ്രതികരിച്ചു.
കോൺഗ്രസിനെ പരാജയപെടുത്താൽ ബി.ജെ.പിയെ കൂട്ടുപിടിച്ച പാർട്ടിയ്ക്ക് കൂറുമാറ്റത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളതെന്നും വി.സി.കെ ചോദിച്ചു. വാജ്‌പേയ് സർക്കാരിന്റെ ഭാഗമായിരുന്ന ഡി.എം.കെ പിന്നീട് ബി.ജെ.പിയെ എതിർത്തത് ആരുടെ സ്വാർത്ഥതയായിരുന്നെന്നും വി.സി.കെ ഔദ്യോഗിക എക്സ് പേജിലൂടെ ചോദിച്ചു.
അതേസമയം ടി.വി.കെയ്ക്ക് സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്നും പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ.എമ്മും സി.പി.ഐയും മന്ത്രിസഭയിലില്ല.
Content Highlight: DMK criticizes VCK and Muslim League for supporting TVK