| Friday, 26th June 2026, 1:41 pm

തമിഴ്‌നാട്ടില്‍ ഡി.എം.കെ-സി.പി.ഐ.എം പോര് മുറുകുന്നു; പിണറായി വിജയനെതിരെ ഡി.എം.കെ മുഖപത്രം

ആദര്‍ശ് എം.കെ.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ – സി.പി.ഐ.എം രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. കേരള മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചുകൊണ്ട് ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’യില്‍ വന്ന ലേഖനമാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയന്‍ നില്‍ക്കുന്ന ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ കാലത്തെ നവകേരള രേഖയെയും മന്ത്രി പി. രാജീവിനെയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖത്തിനെയാണ് മുരസൊലിയിലെ ലേഖന പരമ്പര പ്രധാനമായും ഉന്നം വെക്കുന്നത്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് വിമതനായി പോയി ടി.വി.കെയെ പിന്തുണച്ച സി.വി. ഷണ്മുഖത്തത്തെ പോലെ നിലപാടില്ലാത്ത വ്യക്തിയാണ് പി. ഷണ്മുഖമെന്നാണ് ഡി.എം.കെയുടെ പരിഹാസം.

സി.പി.ഐ.എമ്മിന്റെ സാമ്പത്തിക നയം എന്താണെന്നും ലേഖനം ചോദിക്കുന്നുണ്ട്

അതേസമയം, ഡി.എം.കെയുടെ ഈ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാര്‍ട്ടിയായ ടി.വി.കെ രംഗത്തെത്തി. കരുണാനിധി ജീവിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ലേഖനം എഴുതാന്‍ സമ്മതിക്കില്ലായിരുന്നു എന്നാണ് ടി.വി.കെ മന്ത്രി രാജ്‌മോഹന്‍ പ്രതികരിച്ചത്.

ഡി.എം.കെയുടെ നവലിബറല്‍ നയങ്ങളെ സി.പി.ഐ.എം വിമര്‍ശിക്കുമ്പോള്‍, സി.പി.ഐ.എമ്മിന്റേത് അവസരവാദ രാഷ്ട്രീയമാണെന്ന് ഡി.എം.കെയും ആരോപിക്കുന്നു.

ഡി.എം.കെ പുറമേക്ക് ഒന്ന് പറയുകയും അകമേ മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് സി.പി.ഐ.എം മുഖപത്രമായ ‘തീക്കതിര്‍’ പ്രതികരിച്ചത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ ഡി.എം.കെയുടെ അനുമതിയോടെ ടി.വി.കെയെ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖ ഡി.എം.കെ നേതാക്കള്‍ പരാജയപ്പെട്ട സാഹചര്യത്തിലും, കേവല ഭൂരിപക്ഷം നേടാന്‍ ടി.വി.കെയ്ക്ക് സാധിക്കാതെ പോയ സാഹചര്യത്തിലും ബി.ജെ.പി പിന്‍വാതിലിലൂടെ ഭരണം പിടിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇടതുപാര്‍ട്ടികളുടെ നീക്കം.

സഖ്യകക്ഷികള്‍ ഒഴിഞ്ഞുപോയ സാഹചര്യത്തില്‍ ഡി.എം.കെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ എ. രാജ പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ഡി.എം.കെ ആരെയും ആശ്രയിക്കേണ്ടതില്ലെന്നും 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് നില്‍ക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

Content highlight: DMK – CPIM drift escalates in Tamil Nadu

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more