| Sunday, 11th January 2026, 7:19 pm

തമിഴ്നാട്ടില്‍ 200ലധികം സീറ്റുമായി ഡി.എം.കെ. ബ്ലോക്ക് അധികാരത്തില്‍ തുടരും: എം.കെ. സ്റ്റാലിന്‍

രാഗേന്ദു. പി.ആര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 200ലധികം സീറ്റുമായി ഡി.എം.കെ ബ്ലോക്ക് അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഡി.എം.കെയുടെ ഭരണ റെക്കോഡില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായതെന്നും സ്റ്റാലിന്‍ പറഞ്ഞു. കൊളത്തൂരിലെ അനിത അച്ചീവേഴ്സ് അക്കാദമി സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ നേരത്തെ പറഞ്ഞിരുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ 200ല്‍ കുറയാതെ സീറ്റുകള്‍ നേടുമെന്നാണ്. എന്നാല്‍ നിലവിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അതില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്,’ സ്റ്റാലിന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പൊങ്കല്‍ ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രസംഗം.

ഡി.എം.കെ കേഡറിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളമായി വ്യാപിച്ച് കിടക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് വരെ ഡി.എം.കെയുടെ സംഘടനാ ശക്തിയെ അംഗീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

2021 മെയ് മാസത്തിലാണ് ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. അന്ന് മുതല്‍ സുപ്രധാനമായ ക്ഷേമ പദ്ധതികളാണ് തങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഈ നേട്ടങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ 50 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളത് വരും മാസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഡി.എം.കെയ്ക്ക് പുറമെ അണ്ണാ ഡി.എം.കെ, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം എന്നീ പാര്‍ട്ടികളാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.

ഇതിനുപുറമെ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമുണ്ടാക്കും. നടനും രാജ്യസഭാ എം.പിയുമായ കമല്‍ ഹാസന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെയും ഡി.എം.കെയ്ക്കുള്ള പിന്തുണയും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

Content Highlight: DMK bloc will remain in power in Tamil Nadu with over 200 seats: MK Stalin

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more