| Wednesday, 3rd December 2025, 9:44 pm

ഒരുമിച്ചുള്ള ഭക്ഷണത്തിലും തീരാതെ തര്‍ക്കം; ഡി.കെ. ശിവകുമാര്‍ ദല്‍ഹിയില്‍; പാര്‍ട്ടി വിളിച്ചാല്‍ മാത്രമെ പോകൂവെന്ന് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തെ ചൊല്ലിയുള്ള ഡി.കെ. ശിവകുമാര്‍- സിദ്ധരാമയ്യ തര്‍ക്കം പരിഹരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും ട്വിസ്റ്റ്. ബുധനാഴ്ച ഡി.കെ. ശിവകുമാര്‍ ദല്‍ഹിയിലേക്ക് പോയി. ഇതോടെയാണ് കര്‍ണാടക രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളിലിടം പിടിച്ചിരിക്കുന്നത്.

സ്വകാര്യ പരിപാടിക്കും കോണ്‍ഗ്രസിന്റെ വോട്ട് ചോരിക്കെതിരായ രാം ലീല മൈതാനിയിലെ മഹാറാലിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായാണ് ദല്‍ഹി യാത്രയെന്ന് ഡി.കെ മാധ്യമങ്ങളോട് വിശദീകരിച്ചു. ഈ യാത്രക്ക് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ശിവകുമാറിന്റെ ദല്‍ഹി യാത്രയെ സംശയമുനയില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

പാര്‍ട്ടി ഔദ്യോഗികമായി ക്ഷണിച്ചാല്‍ മാത്രമെ താന്‍ ദല്‍ഹിക്ക് പോകൂവെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

‘ശിവകുമാറിനെ പോകാന്‍ അനുവദിക്കൂ, എനിക്ക് പാര്‍ട്ടിയുടെ കോള്‍ വന്നാല്‍ മാത്രമെ ഞാന്‍ പോകൂ, ഇതുവരെ എനിക്ക് ഒരു കോള്‍ ലഭിച്ചിട്ടില്ല,’ സിദ്ധരാമയ്യ പറഞ്ഞു.

മംഗളൂരുവില്‍ നടന്ന പരിപാടിക്കിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സിദ്ധരാമയ്യയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ കുറിച്ചും ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘മുഖ്യമന്ത്രി വേണുഗോപാലിനേയോ രാഹുല്‍ ഗാന്ധിയെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ കാണുന്നതില്‍ എന്താണ് തെറ്റ്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എന്നാല്‍ സിദ്ധരാമയ്യ-കെ.സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്‍, ജി. പരമേശ്വര, സതീഷ് ജാര്‍കിഹോളി തുടങ്ങിയവരും ശിവകുമാറിന്റെ അടുത്തയാളായ ലക്ഷ്മി ഹെബാള്‍ക്കറും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ചര്‍ച്ചയെ നിസാരമായി തള്ളിക്കളയുന്നില്ല രാഷ്ട്രീയ വൃത്തങ്ങള്‍.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണകാലത്തിന്റെ പകുതി പിന്നിട്ടതോടെയാണ് അധികാരത്തര്‍ക്കം ആരംഭിച്ചത്. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ദല്‍ഹിയിലേക്ക് പലതവണ അനുയായികളെ അയച്ചിരുന്നു.

എന്നാല്‍ കസേര വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു സിദ്ധരാമയ്യ. നാളുകള്‍ നീണ്ട ശീതയുദ്ധത്തിന് ഒടുവില്‍ കഴിഞ്ഞയാഴ്ച ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചും ചര്‍ച്ച നടത്തിയും സിദ്ധരാമ്യയും ശിവകുമാറും തര്‍ക്കം അവസാനിപ്പിച്ചിരുന്നു.

കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ആണെന്നതും അടുത്ത ടേമില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശിവകുമാറിനെ മാത്രമെ പരിഗണിക്കൂ എന്നുള്ള പാര്‍ട്ടിയുടെ വാഗ്ദാനവുമാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്.

എന്നാല്‍ വീണ്ടും പാര്‍ട്ടി നേതൃത്വവുമായി ഇരുവരും ചര്‍ച്ച നടത്തുന്നത് തുടരുന്നത് കര്‍ണാടകയില്‍ കസേരയ്ക്കായുള്ള തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.

Content Highlight: DK Shivakumar in Delhi; Siddaramaiah says he will go only if the party calls him

We use cookies to give you the best possible experience. Learn more