| Sunday, 15th November 2026, 11:01 am

വീടിന് മുന്നില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഡി.ജെ; പല തവണ കെഞ്ചിയിട്ടും മാറ്റിയില്ല: 20 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

നിഷാന. വി.വി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ വീടിന് മുന്നില്‍ അമിത ശബ്ദത്തില്‍ ഡി.ജെ സംഗീതം വെച്ചതിനെത്തുടര്‍ന്ന് 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. മണിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുടിയാരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

ലക്ഷ്മി വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച ഡി.ജെ വാഹനം റീമ ദേവി എന്ന യുവതിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു. ഈ സമയം അമ്മയോടൊപ്പം വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന നവജാതശിശു, പെട്ടെന്നുണ്ടായ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണരുകയും നിര്‍ത്താതെ കരയുകയും ചെയ്തു.

ശബ്ദം കുറയ്ക്കാനും വാഹനം വീടിന് മുന്നില്‍ നിന്ന് മാറ്റാനും കുടുംബാംഗങ്ങള്‍ ഡി.ജെ സംഘത്തോട് പലതവണ അപേക്ഷിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അമിതമായ ശബ്ദത്തിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രസവശേഷം പരിചരിക്കാന്‍ ഭര്‍തൃവീട്ടില്‍ ആളില്ലാത്തതിനാല്‍ 10 ദിവസം മുമ്പാണ് റീമ ദേവി കുഞ്ഞുമായി മുടിയാരിയിലെ സ്വന്തം വീട്ടിലെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതോടെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബല്ലിയ പൊലീസ് കേസെടുത്തു. ഡി.ജെ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ഓപ്പറേറ്ററെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മരണകാരണം കൃത്യമായി അറിയുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Content Highlight: DJ music at an idol immersion procession in front of a house; despite repeated pleas to move it, the music continued—resulting in the tragic death of a 20-day-old infant.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more