| Sunday, 8th November 2026, 12:43 pm

മൂന്ന് ആറ് ഒമ്പത്... ഇത് സത്തം ഇല്ലാ തണ്ടര്‍; ദീപാവലി പ്രമാണിച്ച് വെടിച്ചില്ല് പോസ്റ്ററുമായി മേള, കൊഴുപ്പ് കൂട്ടാന്‍ വിഷ്ണു വിജയ് വക ഫാന്‍ബോയ് ട്രിബ്യൂട്ടും

അമര്‍നാഥ് എം.

പരീക്ഷണ സിനിമകളോട് തത്കാലം ബൈ പറഞ്ഞ് മാസ് കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ക്ക് ശ്രദ്ധ നല്‍കുകയാണ് മമ്മൂട്ടി. ആദ്യപടിയെന്നോണം തമിഴില്‍ ധനുഷിനൊപ്പം ചെയ്യുന്ന ഓം റിലീസിന് തയാറെടുക്കുകയാണ്. മലയാളത്തിലും വമ്പന്‍ സിനിമകള്‍ അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് മമ്മൂട്ടിയുടെ ലൈനപ്പുകള്‍ സൂചിപ്പിക്കുന്നത്.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. 2025ല്‍ ആരംഭിക്കേണ്ടിയിരുന്ന ചിത്രം മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വൈകുകയായിരുന്നു. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം അവസാനഘട്ട ഷൂട്ടിലേക്ക് കടക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ദീപാവലി പ്രമാണിച്ച് മേള ടീമിന്റെ വകയായി പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയും ടീമും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ടീം പുറത്തുവിട്ടത്. പക്കാ മാസ് പോസ്റ്റര്‍ ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയായി. അണിയറയിലൊരുങ്ങുന്നത് ചെറിയ സിനിമയല്ലെന്ന് ആരാധകരടക്കം പലരും അഭിപ്രായപ്പെടുന്നു.

പോസ്റ്ററിന് കൊഴുപ്പ് കൂട്ടാന്‍ വിഷ്ണു വിജയ്‌യുട വകയായി ഒരു ഗംഭീര ട്രാക്കും പുറത്തുവിട്ടിട്ടുണ്ട്. ‘മൂന്ന് ആറ് ഒമ്പത്, ഇത് എന്നാ വണ്ടര്‍ നമ്പറ്… മൂന്ന് ആറ് ഒമ്പത്… ഇത് സത്തം ഇല്ലാ തണ്ടറ്’ എന്ന ട്രാക്കും ആരാധകരില്‍ ആവേശമുണര്‍ത്തി. പക്കാ ഫാന്‍ബോയ് ട്രിബ്യൂട്ട് തന്നെയാകും മേള എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കേരള- തമിഴ്‌നാട് ബോര്‍ഡറില്‍ നടക്കുന്ന കഥയായാണ് മേള ഒരുങ്ങുന്നത്. കാരക്കുടിയില്‍ നിന്നുള്ള ലോക്കല്‍ ഗ്യാങ്‌സ്റ്ററായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് മേളയിലൂടെ മമ്മൂട്ടി സ്വന്തം പേരിലാക്കുമെന്നാണ് കണക്കുകൂട്ടല്‍.

2027 മാര്‍ച്ച് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ഈദ് അവധിയടക്കം വലിയ ഹോളിഡേയാണ് ചിത്രത്തിന് ലഭിക്കുക. നല്ല പ്രൊമോഷനും അതിനനുസരിച്ചുള്ള മാര്‍ക്കറ്റിങ്ങും നല്‍കിയാല്‍ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയേക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു സിനിമക്ക് ഏര്‍ലി മോര്‍ണിങ് ഷോയും മേളയിലൂടെ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ജീന്‍ പോള്‍ ലാല്‍, കുഞ്ചന്‍ തുടങ്ങി വലിയ താരനിരയാണ് മേളയില്‍ അണിനിരക്കുന്നത്.

Content Highlight: Diwali special poster of Mela movie out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more