| Wednesday, 15th October 2025, 2:16 pm

New OTT Release: ദീപാവലി കളറാക്കാൻ നീലിയും; ലോകഃ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ സിനിമകളുടെ കളക്ഷൻ റെക്കോഡാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം തകർത്തത്.

കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും തരംഗം സൃഷ്ടിക്കാൻ ലോകഃക്ക് സാധിച്ചു. ചരിത്രത്തിലാധ്യമായി 300 കോടി നേടിയ മലയാള ചിത്രമെന്ന പേരും ലോകഃ സ്വന്തമാക്കി.

കളക്ഷനിൽ മാത്രമല്ല, മറ്റ് പല റെക്കോഡുകളും ലോകഃക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. മലയാളത്തിൽ ആദ്യമായി 50000 ഷോ പൂർത്തിയാക്കുന്ന ചിത്രമെന്ന നേട്ടം വേള്‍ഡ്‌വൈഡ്‌ ഏറ്റവുമധികം ഫുട്ഫാൾസ് നേടിയ മലയാളചിത്രമെന്ന നേട്ടവും ലോകഃക്ക് സ്വന്തമാണ്. ഇപ്പോഴിതാ തിയേറ്റർ തേരോട്ടം അവസാനിപ്പിച്ച് ഒ.ടി.ടി പ്രദർശനത്തിന് ഒരുങ്ങുകയാണ് ചിത്രം.

ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബർ 17നാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാർ വഴിയാരിക്കും സ്ട്രീമിങ് ചെയ്യുക. ചിത്രം പ്രദർശനത്തിനെത്തി ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോളും ചിത്രം തിയേറ്ററിലുണ്ട്.

ചിത്രം 300 കോടി സ്വന്തമാക്കിയെന്ന ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ പതിപ്പുകളും വിജയിച്ചു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ്.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർക്ക് പുറമേ ടൊവിനോ തോമസ്, ചന്തു സലിംകുമാർ, അരുൺ കുര്യൻ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യഭാഗമാണ് ലോകഃ.

Content Highlight: Diwali Offer; Lokah OTT Release date out

We use cookies to give you the best possible experience. Learn more