| Monday, 9th November 2026, 12:30 pm

ദീപാവലി സന്തോഷത്തിന്റെ ഈദെന്ന് ഖാര്‍ഗെ: ഹിന്ദു ആഘോഷങ്ങളില്‍ പോലും മുസ്‌ലിം പ്രീണനമെന്ന് ബി.ജെ.പി

നിഷാന. വി.വി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.
ദീപാവലിയെ സന്തോഷത്തിന്റെ ഈദ് എന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നാലെയാണ് ബി.ജെ.പിയുടെ കടന്നാക്രമണം.

2027ലെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വോട്ട് പ്രീണനത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

‘കോണ്‍ഗ്രസ് ഒരു സനാതന വിരുദ്ധ, ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണ്. അതുകൊണ്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദീപാവലിയെ സന്തോഷത്തിന്റെ ഈദ് എന്ന് വിളിച്ചത്. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വെറും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. ബാബരിയ്ക്ക് വേണ്ടി സോണിയാ ഗാന്ധി കരഞ്ഞത് ഓര്‍ക്കുക, ബട്‌ലയ്ക്ക് വേണ്ടിയും അവര്‍ കരഞ്ഞു,’ ബി.ജെ.പി നേതാവ് പറഞ്ഞു.

ഹിന്ദു ആഘോഷങ്ങളില്‍ പോലും മുസ് ലിം ആഘോഷങ്ങള്‍ കൊണ്ടുവരുന്നത് വെറും ഹിന്ദുവിരുദ്ധതയാണെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഖാര്‍ഗെയുടെ ദീപാവലി ആശംസകളെ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ‘വളച്ചൊടിച്ച സന്ദേശം’ എന്നായിരുന്നു ബി.ജെ.പി വക്താവ് സി.ആര്‍. കേശവന്റെ പ്രതികരണം.

‘ദീപാവലി പ്രമാണിച്ച് എല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. സന്തോഷത്തിന്റെ ഈദ് ആയതിനാല്‍ പലരും ഇത് ആഘോഷിക്കുന്നു. ഈ ഉത്സവ വേളയില്‍, എല്ലാ സഹപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കൊരു പ്രത്യേക അഭ്യര്‍ത്ഥന കൂടിയുണ്ട്! രാജ്യത്ത് സമാധാനം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പരസ്പരം തര്‍ക്കത്തിലോ തെറ്റിദ്ധാരണയിലോ കഴിയുന്നവരോട് ആ വ്യത്യാസങ്ങള്‍ മാറ്റിവെക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനും ദേശീയ
ഐക്യം വളര്‍ത്താനും നമുക്കെല്ലാവര്‍ക്കും പൂര്‍ണമനസ്സോടെ പ്രവര്‍ത്തിക്കാം,’ ഇതായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബി.ജെ.പി കടന്നാക്രമിച്ചത്.

Content Highlight: Diwali is an ‘Eid’ of happiness, says Kharge; BJP alleges ‘Muslim appeasement’ even in Hindu festivals.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more