കൊല്‍ക്കത്ത: പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കാന്‍ സഹായിക്കുമെന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എല്‍.എ പാപിയ അധികാരി. കൊല്‍ക്കത്തയിലെ ടോളിഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ പാപിയ തന്റെ മണ്ഡലത്തില്‍ കാളി പൂജ പന്തലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ശനിയാഴ്ചയായിരുന്നു ഈ പരാമര്‍ശം നടത്തിയത്.
നമ്മള്‍ പടക്കം പൊട്ടിക്കുമെന്നും പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളും ഭേദമാക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുമെന്നും എം.എല്‍.എ പറഞ്ഞു. പടക്കങ്ങളില്ലാതെ കാളി പൂജ എങ്ങനെ പൂര്‍ണ്ണമാകുമെന്നും അവര്‍ ചോദിച്ചു.
‘നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് നമ്മള്‍ പടക്കം പൊട്ടിക്കുമെന്നാണ്. പടക്കം പൊട്ടിക്കാതെ എങ്ങനെയാണ് കാളി പൂജ പൂര്‍ണ്ണമാകുക? നമ്മള്‍ പടക്കം പൊട്ടിക്കും, എന്നാല്‍ അതോടൊപ്പം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കും,’ അവര്‍ പറഞ്ഞു.
പാപിയ അധികാരിയുടെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. വിവാദമായതിന് പിന്നാലെ അവരുടെ പുതിയ വിശദീകരണവും വന്നു. പടക്കം പൊട്ടുമ്പോള്‍ ഉണ്ടാകുന്ന പുക വായുവിലൂടെ പകരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു പാപിയ അധികാരിയുടെ വിശദീകരണം.
കാളി പൂജയിലും ദീപാവലിയിലും പടക്കം പൊട്ടിക്കുന്നതിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പിന്തുണച്ചിരുന്നു. പരിസ്ഥിതിക്ക് ദോഷം കുറഞ്ഞ ‘ഗ്രീന്‍ ക്രാക്കറുകള്‍’ പയോഗിക്കണമെന്നും ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാപിയ അധികാരിയുടെ പരാമര്‍ശം വന്നത്.
ഈ വര്‍ഷത്തെ കാളി പൂജ, ദീപാവലി ആഘോഷവേളകളില്‍ ശബ്ദമലിനീകരണം വലിയൊരു പരിധിവരെ നിയന്ത്രണവിധേയമായിരുന്നുവെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അവകാശപ്പെട്ടിരുന്നു. കാളി പൂജ രാത്രിയില്‍ കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പടക്കങ്ങള്‍ കാരണം അമിതമായി ശബ്ദമുണ്ടായെന്ന പരാതികള്‍ ഉന്നയിക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നും സുവേന്ദു പറഞ്ഞിരുന്നു.
ബംഗാളില്‍ സനാതന പാരമ്പര്യങ്ങള്‍ തിരിച്ചുവരുന്നതില്‍ തന്റെ രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദു മതപരമായ ആഘോഷങ്ങളെ കേവലം സാംസ്‌കാരിക പരിപാടികളായി ചുരുക്കുകയും, മതപരമായ ആചാരങ്ങളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തവരാണ് ഇടതുപക്ഷക്കാര്‍ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Content Highlight: Diwali firecrackers can help cure several diseases, claims Bengal BJP MLA Papia Adhikari