| Monday, 20th October 2025, 11:10 pm

ദീപാവലി: ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; 34 പ്രദേശങ്ങള്‍ റെഡ് സോണില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീപാവലി ആഘോഷം ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായുമലിനീകരണത്തിന് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ട്. ദീപാവലി ദിനമായ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദല്‍ഹിയിലുള്ള 38 വായു ഗുണനിലാവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 34 എണ്ണവും മലിനീകരണ തോത് റെഡ് സോണ്‍ ആണെന്നാണ് രേഖപ്പെടുത്തിയത്. ദല്‍ഹിയുടെ അന്തരീക്ഷത്തിന്റെ ഗുരുതരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ദല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ദിവസവും പരിശോധിക്കുന്നുണ്ട്. വൈകുന്നേരം നാലുമണിക്കാണ് 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക പുറത്തുവിടുന്നത്.

ദീപാവലി ദിനത്തില്‍ ഇത് (എ.ക്യു.ഐ)345 എന്ന ‘വളരെ മോശം’ വിഭാഗമാണെന്ന് രേഖപ്പെടുത്തി. ദീപാവലിയുടെ തലേദിവസമായ ഞായറാഴ്ച 326 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) വികസിപ്പിച്ചെടുത്ത സമീര്‍ ആപ്പ് അനുസരിച്ച് ദല്‍ഹിയിലെ നാല് പ്രദേശങ്ങളില്‍ 400ന് മുകളിലാണ് വായുവിന്റെ ഗുണനിലവാരം. മൂന്ന് മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം തീവ്ര മേഖലയ്ക്ക് മുകളിലെന്നാണ് കാണിച്ചത്.

വരും ദിവസങ്ങളില്‍ വായു നിലവാരം ഗുരുതരമായ അവസ്ഥയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.പി.സി.ബിയുടെ റിപ്പോര്‍ട്ട് പ്രകാരം പൂജ്യത്തിനും 50നും ഇടയിലുള്ള എ.ക്യു.ഐയാണ് നല്ലത്. 100 വരെ തൃപ്തികരവും 200ന് മുകളിലേക്ക് മോശവുമെന്നാണ് കണക്കാക്കുന്നത്. 400ന് മുകളിലേക്ക് ഗുരുതരമെന്നാണ് കണക്കാക്കുക.

ഗതാഗത മലിനീകരണവും ദീപാവലി ആഘോഷവും ദല്‍ഹിയിലെ അന്തരീക്ഷത്തെ മോശമായി ബാധിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷ മലിനീകരണത്തിന് 15.6 ശതമാനം സംഭാവന ചെയ്യുന്നത് ഗതാഗത മലിനീകരണമാണ്. വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ളവ 23.3 ശതമാനമാണ് വായുമലിനീകരണത്തിന് കാരണമാകുന്നത്.

നേരത്തെ, ദല്‍ഹിയില്‍ ദീപാവലിക്ക് കടുത്ത നിബന്ധനകളോടെ പടക്കം പൊട്ടിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ക്യൂ.ആര്‍ കോഡ് പതിപ്പിച്ച അംഗീകൃതമായ സര്‍ട്ടിഫിക്കറ്റുകളുള്ള ഗ്രീന്‍ പടക്കങ്ങള്‍ മാത്രം വില്‍ക്കാനും പൊട്ടിക്കാനുമാണ് പരമോന്നത കോടതി ഒക്ടോബര്‍ 15ന് അനുമതി നല്‍കിയത്.

ദീപാവലി ദിവസം വൈകുന്നേരം വരെ മാത്രം നിശ്ചിത സമയങ്ങളില്‍ പടക്കം ഉപയോഗിക്കാനായിരുന്നു അനുമതി. രാവിലെയും രാത്രിയിലുമായി രണ്ടുമണിക്കൂര്‍ വീതമാണ് പടക്കെ പൊട്ടിക്കാനായി അനുവദിച്ചിരുന്നത്.

Content Highlight: Diwali: Air pollution in Delhi worsens; 34 areas in red zone

We use cookies to give you the best possible experience. Learn more