| Wednesday, 25th February 2026, 6:00 pm

ഈ സിനിമയ്ക്ക് ഹോം വര്‍ക്കൊന്നും എടുത്തില്ല: കൃഷന്ദിനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് ചെയ്തത്: ദിവ്യ പ്രഭ

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദിവ്യ പ്രഭ. 2016ല്‍ പുറത്തിറങ്ങിയ ലോക്പാല്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടി പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി. മഹേഷ് നാരയണന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ അറിയിപ്പ് എന്ന സിനിമയിലെ ദിവ്യയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളുണ്ടായിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ്.

മസ്തിഷ്‌ക മരണമാണ് താരത്തിന്റേതായി വരാനിരിക്കുന്ന സിനിമ. ഇപ്പോള്‍ ഇന്‍ഡിവുഡ് ചാനലുമായുള്ള അഭിമുഖത്തില്‍ താന്‍ മുമ്പ് ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് മസ്തിഷ്ത മരണത്തിലേതെന്ന് ദിവ്യ പ്രഭ പറയുന്നു.

‘അറിയിപ്പ് എന്ന സിനിമയ്ക്ക് എനിക്ക് റെഫറന്‍സുണ്ടായിരുന്നു. പക്ഷേ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന സിനിമയ്ക്കായി അങ്ങനെ ഒരു റഫറന്‍സ് തന്നിരുന്നില്ല. പക്ഷേ ത്രൂ ഔട്ട് വര്‍ക്ക് ഷോപ്പ് ചെയ്തിരുന്നു. അവിടെ അവരുടെ പാറ്റേണ്‍ എങ്ങനെയാണോ അതിലേക്ക് ഞാന്‍ അഡാപ്റ്റ് ചെയ്തു.

അങ്ങനെ ഒരോ സിനിമയ്ക്കും വ്യത്യസ്തമായ രീതികളായിരിക്കും ഉണ്ടാകുക. തയ്യാറെടുപ്പുകള്‍ ഇല്ലാതെ എനിക്ക് ഒരു കഥാപാത്രവും ചെയ്യാന്‍ കഴിയില്ല. പ്രിപ്പറേഷനില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ ഫെളക്‌സിബിളായിരിക്കണം. നമ്മുടേതായ കുറച്ച് തയ്യാറെടുപ്പുകള്‍ ആ കഥാപാത്രത്തിന് കൊടുക്കുകയും വേണം പിന്നീട് സംവിധായകന്റെ വിഷനനുസരിച്ച് അഡാപ്റ്റ് ചെയ്യുകയും വേണം,’ ദിവ്യ പ്രഭ പറയുന്നു.

എന്നാല്‍ മസ്തിഷ്‌ക മരണത്തിനായി താന്‍ ഒരുപാട് ഹോം വര്‍ക്ക് ഒന്നും എടുത്തിട്ടില്ലെന്നും അതിന്റെയൊരു കാരണം ഈ കഥ ഭാവിയില്‍ നടക്കുന്നതായത് കൊണ്ടാണെന്നും നടി പറയുന്നു. കൃഷന്ദിലുള്ള വിശ്വാസത്തിന്റെ പുറത്താണ് ഈ കഥാപാത്രം ചെയ്തതെന്നും ദിവ്യ പ്രഭ കൂട്ടിച്ചേര്‍ത്തു.

സുകൂളില്‍ നാടകത്തിലൊക്കെ സജീവമായിരുന്നെങ്കിലും തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന സ്വപ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും തനിക്ക് അഭിനയിക്കാന്‍ പറ്റുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

പുരുഷ പ്രേതം, ആവാസവ്യൂഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൃഷന്ദ് അണിയിച്ചൊരുക്കുന്ന മസ്തിഷ്‌ക മരണം ഫെബ്രുവരി 27നാണ് തിയേറ്ററുകളിലെത്തുന്നത്. രജിഷ വിജയന്‍, സുരേഷ് കൃഷ്ണ, ജഗദീഷ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

Content Highlight: Divya Prabha talks about the movie  Masthishka maranam 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more