| Sunday, 28th June 2026, 8:36 pm

രാവിലെ സുഭാഷ് പാര്‍ക്കില്‍ നടക്കാന്‍ പോയപ്പോഴാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്, അവിടെ നിന്ന് തുടങ്ങിയതാണ്: ദിവ്യ പ്രഭ

അശ്വിന്‍ രാജേന്ദ്രന്‍

2017ല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് ദിവ്യ പ്രഭ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ദിവ്യ, പായല്‍ കപാഡിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ രാജ്യാന്തര ശ്രദ്ധയും നേടിയിരുന്നു. കൃഷാന്ദ് സംവിധാനം ചെയ്ത് ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ മസ്തിഷ്‌ക മരണത്തില്‍ താരം പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമയിലെത്തിയ താരം അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വണ്ടര്‍വാള്‍ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജീവിതത്തിലെ വഴിത്തിരിവായ രസകരമായ അനുഭവം ദിവ്യ പങ്കുവെച്ചത്.

ദിവ്യ പ്രഭ. Photo: The Cue

‘എറണാകുളത്ത് വര്‍ക്ക് ചെയ്യുന്ന സമയത്താണ് ഞാന്‍ ആദ്യമായി സിനിമയിലഭിനയിക്കുന്നത്. അന്ന് ജോലിക്കൊപ്പം തന്നെ എം.ബി.എയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ നടക്കാന്‍ പോയപ്പോള്‍ സുഭാഷ് പാര്‍ക്കിനടുത്ത് ലോക്പാല്‍ എന്ന സിനിമയുടെ ഷൂട്ടിന് സെറ്റിട്ടിട്ടുണ്ടായിരുന്നു. എന്താണ് സംഭവം എന്നറിയാന്‍ വേണ്ടി അതിന്റെ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനും കയറി നിന്നു.

അങ്ങനെ സെറ്റില്‍ നിന്നും അതിന്റെ കാസ്റ്റിങ് ഡയറക്ടര്‍ എന്നെ വിളിച്ചു. ആള്‍ കുറവായത് കൊണ്ട് ഷോട്ടില്‍ വന്ന് അവിടെ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ വന്ന് ഇരിക്കാമോ എന്ന് എന്നോട് ചോദിച്ചു. എല്ലാവരെയും അടുത്ത് നിന്ന് കാണാമല്ലോ എന്ന് കരുതി ഞാന്‍ അവിടെ ചെന്നിരുന്നു. അത് കഴിഞ്ഞ ശേഷം വേറൊരു പരിപാടിയുണ്ട് അതിനാളായിട്ടില്ല അത് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. Photo: The Statesman

സായ് കുമാര്‍ എന്ന ആക്ടറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിട്ട് ചുമ്മാ ഫയല്‍ പിടിച്ച് നിന്നാല്‍ മതി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ എല്ലാത്തിനും റെഡി ആയതുകൊണ്ട് അതിനും ഓക്കെ പറഞ്ഞു. അങ്ങനെ ഓഫീസില്‍ വിളിച്ച് ലീവെടുത്ത് തുടങ്ങിയതാണ് ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്,’ ദിവ്യ പറഞ്ഞു.

Content Highlight: Divya Prabha talks about her debut acting experience

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more