| Thursday, 20th August 2026, 12:21 pm

പൗരത്വം നല്‍കാന്‍ ഇനി കലക്ടര്‍മാര്‍ക്കും അനുമതി; ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, ത്രിപുര, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി കേന്ദ്രം

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്നതിനുള്ള അധികാരം എട്ട് മേഖലകളിലെ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമം 2026 പ്രകാരമാണ് പുതിയ നടപടി.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര എന്നിവിടങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെയും ജില്ലാ കലക്ടര്‍മാര്‍ക്കാണ് അധികാരം ലഭിച്ചത്. അസമിലെയും ത്രിപുരയിലെയും ആദിവാസി മേഖലകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വത്തിനായി രജിസ്‌ട്രേഷന്‍, നാച്വറലൈസേഷന്‍ വിഭാഗങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഇനി ജില്ലാ കലക്ടര്‍മാര്‍ക്ക് സ്വീകരിക്കുകയും പരിശോധിക്കുകയും തീര്‍പ്പാക്കുകയും ചെയ്യാം. അപേക്ഷകന്‍ യോഗ്യനും അനുയോജ്യനുമാണെന്ന് ബോധ്യപ്പെട്ടാല്‍ കലക്ടര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാം.

നേരത്തെ ഈ ചുമതല നിര്‍വഹിച്ചിരുന്ന എംപവേഡ് കമ്മിറ്റി, ഡെസിഗ്‌നേറ്റഡ് ഓഫീസേഴ്‌സ് എന്നിവയ്ക്ക് പകരമായാണ് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തിയത്. നിലവില്‍ വിവിധ കമ്മിറ്റികളുടെ പരിഗണനയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

പൗരത്വം ലഭിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ നേരിട്ട് ഹാജരായി രാജ്യത്തോടുള്ള വിശ്വാസപ്രതിജ്ഞ നടത്തണമെന്നും പുതിയ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നു. പുതിയ നിയമ പ്രകാരം അപേക്ഷകര്‍ നേരിട്ട് ഹാജരാകാന്‍ കര്‍ശന വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നുണ്ട്.

കൃത്യമായ അവസരങ്ങള്‍ നല്‍കിയിട്ടും അപേക്ഷ സമര്‍പ്പിക്കുന്നതിനും സത്യപ്രതിജ്ഞ ചെയ്യുന്നതിനും അപേക്ഷകര്‍ നേരിട്ട് ഹാജരാവാത്ത സാഹചര്യത്തില്‍ കലക്ടര്‍ക്ക് അത്തരം അപേക്ഷകള്‍ നിരസിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Content Highlights: District Collectors now authorized to grant citizenship; the Centre has empowered Collectors in Gujarat, Rajasthan, West Bengal, Assam, Tripura, Kashmir, and Ladakh.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more