ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ വീണ്ടും യു.എസിന്റെയോ ഇസ്രഈലിന്റെയോ ആക്രമണങ്ങളുണ്ടായാല്‍ അതിനെതിരായ തിരിച്ചടി പശ്ചിമേഷ്യന്‍ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍. യൂറോപ്പിലെ അടക്കം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചാകും തങ്ങളുടെ പ്രത്യാക്രമണങ്ങളെന്നും ഇറാന്‍ പരമോന്നത സുരക്ഷാ സമിതി തലവന്‍ മൊഹ്സെന്‍ റെസായിയും സായുധ സേനാ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയര്‍ ജനറല്‍ കിയൂമാര്‍സ് ഹൈദരിയും വ്യക്തമാക്കി.
ഇറാനെതിരെ യു.എസ് മറ്റൊരു യുദ്ധം ആരംഭിക്കുകയാണെങ്കില്‍, പടിഞ്ഞാറന്‍ ഏഷ്യ മുതല്‍ യൂറോപ്പ് വരെ, ഈ ആക്രമണത്തില്‍ പങ്കാളികളാകുന്ന എല്ലാ സൈനിക താവളങ്ങളും ഇറാന്റെ മാരകമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുമെന്ന് റെസായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുരക്ഷിതമായ അകലം എന്നൊന്നില്ല. സുരക്ഷിതമായ ഒളിത്താവളങ്ങളില്ല. ആര്‍ക്കും സംരക്ഷണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനെതിരെ ശത്രുതാപരമായ നീക്കങ്ങളോ ആക്രമണങ്ങളോ ലോകത്തിന്റെ ഏത് ഭാഗത്തുനിന്ന് വന്നാലും അവിടെ അതിശക്തവും വിനാശകരവും സമഗ്രവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയര്‍ ജനറല്‍ കിയൂമാര്‍സ് ഹൈദരിയും അഭിപ്രായപ്പെട്ടു. ഈ പ്രത്യാക്രമണങ്ങളുടെ കാര്യത്തില്‍ ഇറാന് യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചടി നല്‍കുന്നതുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങള്‍ ഖാംനഇയുടെ നിര്‍ദേശപ്രകാരം നീക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇറാന്‍ സായുധ സേന സമഗ്രവും പുതുക്കിയതുമായ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കി. അമേരിക്കയ്ക്കും ഇസ്രായേല്‍ ഭരണകൂടത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന, ഈ മേഖലയിലുള്ളതും അതിനപ്പുറമുള്ളതുമായ സൈനിക കേന്ദ്രങ്ങളും മറ്റ് സ്ഥലങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശത്രുക്കളില്‍ നിന്നുള്ള ഏത് ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തങ്ങള്‍ തിരിച്ചടി നല്‍കരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ കഴിഞ്ഞ മാസം അവസാനം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശത്രുക്കളില്‍ നിന്നുള്ള ഏത് ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ശക്തവുമായ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സായുധ സേനയിലെ ഉന്നത കമാന്‍ഡര്‍മാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ഈ നിര്‍ദേശം നല്‍കിയത്. ശത്രുക്കളെ ശക്തമായി നേരിടുന്നതിന് ആവശ്യമായ, ബുദ്ധിപരമായ യുദ്ധസജ്ജത കൈവരിക്കുക എന്നത് ശത്രുക്കളെ അകറ്റിനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് എന്നും ഖാംനഇ അന്ന് പറഞ്ഞിരുന്നു.
ഇറാനെതിരെ സാധ്യമായ ആക്രമണങ്ങള്‍ക്കായി സൈനിക സജ്ജീകരണങ്ങള്‍ ശക്തമാക്കാന്‍ ഇസ്രഈല്‍ നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പും വരുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ്, ഇറാനെതിരായ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഖത്തര്‍ മുന്നോട്ടുവെച്ച നയതന്ത്ര ചര്‍ച്ചകളിലൂടെ യു.എസും ഇറാനും തമ്മില്‍ ഒരു ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍, വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാന്‍ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു.
Content Highlight: Distance does not matter: If attacked again, the retaliation will extend to Europe, says Iran