| Wednesday, 26th November 2025, 11:55 am

മുനമ്പം വഖഫ് ഭൂമി; കൈവശക്കാർക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പത്തെ തർക്ക ഭൂമി കൈവശക്കാർക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി. കേസിൽ അന്തിമ വിധി വരും വരെ കരം സ്വീകരിക്കണമെന്ന് റവന്യു വകുപ്പിന് ഹൈക്കോടതി നിർദ്ദേശം നൽകി.

മുനമ്പത്തെ 615 കുടുംബങ്ങളാണ് സമരത്തിനിരിക്കുന്നത്. റവന്യു അവകാശങ്ങൾ ഇല്ലാതെ വന്നതോടെ ഭൂമിക്ക് വില ഇല്ലാത്ത അവസ്ഥയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതിയുടെ ഇടപെടൽ. മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും കൈവശക്കാരുടെ റവന്യു വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നത്.

2019 ലായിരുന്നു സംസ്ഥാന വഖഫ് ബോർഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേർക്കുന്നത്. 2022 ൽ ആദ്യമായി നോട്ടീസ് ലഭിച്ചപ്പോഴും കൈവശക്കാർക്ക് കരം ഒടുക്കാൻ സാധിച്ചിരുന്നു.

പിന്നീട് വഖഫ് സംരക്ഷണ ബോർഡ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കരമടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. തുടർന്ന് വലിയ നിയമപോരാട്ടങ്ങളാണ് നടന്നിരുന്നത്.

മുനമ്പത്തെ ഭൂമിയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ ഭൂമി അനുവദിച്ചു കിട്ടിയവർക്കുപോലും വീടുവെക്കാൻ കഴിഞ്ഞിരുന്നില്ല. കരമടക്കാൻ കഴിയാത്തതിനാൽ റവന്യു രേഖയ്ക്ക് വിലയില്ലാത്ത സാഹചര്യമായിരുന്നു കൈവശക്കാർക്ക് ഉണ്ടായിരുന്നത്.

ഇതിനെത്തുടർന്ന് താത്കാലികമായി റവന്യു വ്യവസ്ഥകൾ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി നേരത്തെ സമരസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാന വഖഫ് ട്രൈബ്യൂണലിലും സുപ്രീം കോടതിയിലും മുനമ്പത്തെ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ അന്തിമ വിധി ഉണ്ടാകുന്നതുവരെ കൈവശക്കാർക്ക് കരം ഒടുക്കാമെന്ന അവകാശം റവന്യു വകുപ്പ് പുനസ്ഥാപിച്ച് നൽകണമെന്നാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

Content Highlight: Disputed land in Munambam; High Court orders owners to pay tax

We use cookies to give you the best possible experience. Learn more