ഇംഫാൽ: കുറച്ചുകാലമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർത്ത് മണിപ്പൂരിലെ കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു.
ഒക്ടോബർ 19-ന് ഇംഫാൽ ഈസ്റ്റ്-കാംഗ്പോക്പി അതിർത്തി പ്രദേശമായ ഖോങ്ബാൽ സുനുലോക് കുന്നുകളിലുണ്ടായ വെടിവെപ്പും മൂന്ന് പേരുടെ കൊലപാതകവുമാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്.
വിറക് ശേഖരിക്കാനായി മരങ്ങൾ വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
മെയ്തെയ് വിഭാഗത്തിൽപ്പെട്ട ചിലർ ഖോങ്ബാൽ സുനുലോക് കുന്നുകളിൽ നിന്ന് പതിവായി മരം വെട്ടിക്കടത്തുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് ഒക്ടോബർ 19-ന് വിറക് ശേഖരിക്കാനെത്തിയ മെയ്തെയ് പുരുഷന്മാർ സഞ്ചരിച്ച വാഹനം സായുധ സംഘങ്ങളും വില്ലേജ് വോളന്റിയർമാരും ചേർന്ന് തടയുകയായിരുന്നുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ആയുധധാരികളെ കണ്ട് ഭയന്നോടാൻ ശ്രമിച്ചവർക്ക് നേരെ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആളുകളെ തടഞ്ഞുവെച്ച് പണം തട്ടുകയോ ഭയപ്പെടുത്തുകയോ മാത്രമായിരുന്നു പ്രാഥമിക ലക്ഷ്യമെങ്കിലും കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കൊലപാതകത്തിൽ പങ്കില്ലെന്ന് കുക്കി നാഷണൽ ഫ്രണ്ട് (കെ.എൻ.എഫ്) വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വില്ലേജ് വോളന്റിയർമാരെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിലൂടെ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് തോക്കുകൾ കണ്ടെടുത്തു. ഇതിലൊന്ന് അടുത്തിടെ ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്.
തുടരന്വേഷണത്തിന്റെ ഭാഗമായി, സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (സൊ) കരാർ പ്രകാരം പ്രവർത്തിക്കുന്ന കുക്കി സായുധ ക്യാമ്പുകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുള്ള സെമോൾ ഗ്രാമത്തിലെ സിനായ് ക്യാമ്പിൽ ഒക്ടോബർ 20-ന് സുരക്ഷാ സേന നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നത്.
കാലാവധി തീർന്ന ‘സോ’ കരാർ പ്രകാരം കുക്കി നാഷണൽ ആർമി (കെ.എൻ.എ), കുക്കി ലിബറേഷൻ ആർമി (കെ.എൽ.എ) എന്നീ സംഘടനകളിലെ അംഗീകൃതരായ 159 പേർ താമസിക്കേണ്ട ക്യാമ്പിൽ പരിശോധനാ സമയത്ത് 18 പേർ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിൽ ഒരാൾക്ക് മാത്രമേ കൃത്യമായ രേഖകൾ ഉണ്ടായിരുന്നുള്ളൂ. ബാക്കി 17 പേരും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് തങ്ങുകയായിരുന്നെന്ന് കണ്ടെത്തി. ക്യാമ്പിൽ നിന്ന് 24 തോക്കുകൾ പിടിച്ചെടുത്തതായും നിരവധി വെടിയുണ്ടകൾ കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒക്ടോബർ 25-ന് മണിപ്പൂർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് സിനായ് ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ക്യാമ്പുകളിൽ കഴിയുന്ന മുഴുവൻ ആളുകളുടെയും കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ സംഘടനകൾക്ക് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തിയാൽ ഇവർക്ക് സർക്കാർ നൽകിവരുന്ന പ്രതിമാസ അലവൻസ് തടഞ്ഞുവെക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
Content Highlight:Dispute over tree-felling leads to triple murder; fresh conflict erupts in Manipur.