ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്നും അവതരിപ്പിക്കാന്‍ കഴിയുന്ന പുതിയൊരു ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. ചിച്ചോരിക്ക് ശേഷം സംവിധായകന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് വേഷമിടുന്നത്.
എ.ആര്‍ റഹ്‌മാനും ലോകപ്രശസ്ത സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറും ചേര്‍ന്ന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്‍ബീര്‍ കപൂറിന്റെ രാമന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ടീസറാണ് പുറത്തുവിട്ടത്. എന്നാല്‍ പ്രതീക്ഷകളില്‍ നിന്നും വിപരീതമായി വലിയ വിമര്‍ശനമാണ് ടീസറിനെതിരെ ഉയര്‍ന്നത്.
രാമായണ. Photo: World Of Ramayana
2.30 മിനുട്ട് ദൈര്‍ഘ്യമുള്ള ടീസറിലെ പല ഷോട്ടുകളിലും വി.എഫ്.എക്‌സിന് ഗുണമേന്മയില്ലെന്നായിരുന്നു വിമര്‍ശനങ്ങളുടെ പ്രധാന കാരണം. 4000 കോടി ചെലവിട്ട് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിലെത്തുന്ന ചിത്രമെന്ന നിലയില്‍ ടീസറിലെ ഉള്ളടക്കം തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പല രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളായ ഗെയിം ഓഫ് ത്രോണ്‍സിന്റെയും ദി ഡാര്‍ക്ക് നൈറ്റ് റൈസിന്റയും ഈച്ചകോപ്പിയടിയാണന്ന തരത്തിലും ആക്ഷേപമുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് ബോളിവുഡിനോട് ഇനി എപ്പിക്ക് ചിത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ പോസറ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. എപ്പോഴെല്ലാം രമായണമടക്കമുള്ള ഇതിഹാസ കഥകള്‍ ബോളിവുഡ് സിനിമായാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പരാജയമായിരുന്നുവെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മുമ്പ് വന്നപ്പോള്‍ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം.
ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് രാമനായി വേഷമിട്ട ചിത്രമായിരുന്നു ആദി പുരുഷ്. സെയ്ഫ് അലി ഖാന്‍ രാവണനായി വേഷമിട്ട ചിത്രം വലിയ പരാജയമായിരുന്നു. അസഹിനീയമായ വി.എഫ്.എക്‌സായിരുന്നു ചിത്രത്തിന്റെ പ്രധാന പോരായ്മകളിലൊന്ന്. വമ്പന്‍ സ്‌കെയിലിലുള്ള ചിത്രങ്ങള്‍ എങ്ങനെ നിര്‍മിക്കണമെന്ന് അറിയാത്ത സംവിധായകര്‍ ഇത്തരം പ്രൊജക്ടുകള്‍ ചെയ്യുന്നതിന് മുമ്പ് രാജമൗലിയെ പോലെ അനുഭവസമ്പത്തുള്ളവരെ കണ്ട് പഠിക്കണമെന്നാണ് ഉപദേശം.
ആദി പുരുഷ്. Photo: The Indian Express
രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി എന്ന ചിത്രത്തിന്റെ ചെറിയ പോര്‍ഷനില്‍ രാമന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിന്റെ ക്വാളിറ്റിക്കും വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. ഇതോടെ ബോളിവുഡ് സംവിധായകര്‍ ധുരന്ധര്‍ പോലുള്ള ചിത്രങ്ങള്‍ ചെയ്താല്‍ മതിയെന്നും രാമായണവും മഹാഭാരതവും പോലുള്ള എപ്പിക്കുകള്‍ സൗത്ത് ഇന്ത്യന്‍ സംവിധായകര്‍ നോക്കികൊള്ളുമെന്നുമുള്ള തരത്തില്‍ ഒരു നോര്‍ത്ത്-സൗത്ത് വാഗ്വാദത്തിനും സോഷ്യല്‍ മീഡിയയിലൂടെ തുടക്കം കുറിച്ചിട്ടുണ്ട്.
Content Highlight: Dispute in social media over inability of Bollywood directors to pill of big scale movies