| Thursday, 15th October 2026, 11:43 am

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; ജയിൽ മോചിതനാകും

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ കഠിനതടവും പിഴയും ഹൈക്കോടതി മരവിപ്പിച്ചു.

ശിക്ഷാ വിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീലിലെ ഇടക്കാല ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി.

ഉത്തരവ് പുറത്തുവന്നതോടെ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് ജാമ്യത്തിൽ പുറത്തിറങ്ങാനാകും.

ഔദ്യോഗിക പദവിയിലിരിക്കെ 2003 മുതൽ 2007 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. 2007-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2013-ലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.

വിചാരണ പൂർത്തിയാക്കിയ കോട്ടയം വിജിലൻസ് കോടതി തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വർഷത്തെ കഠിനതടവും 30,84,000 രൂപ പിഴയും ശിക്ഷയായി വിധിക്കുകയുമായിരുന്നു.

തുടർന്ന് ജയിലിലായ തച്ചങ്കരി, അപ്പീലിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ ശിക്ഷാ നടപടികൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചതോടെ ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കി അദ്ദേഹത്തിന് ഇന്ന് തന്നെ ജയിലിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കും.

Content Highlight:Disproportionate assets case: High Court stays Tomin J. Thachankary’s sentence; he will be released from prison.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more