| Friday, 18th July 2025, 11:12 am

ടോം ക്രൂസും മാര്‍വലും ഡി.സിയും ശ്രമിച്ചിട്ടും നടന്നില്ല, 100 മില്യണ്‍ ബജറ്റില്‍ 2025ലെ ആദ്യ വണ്‍ ബില്യണ്‍ സ്വന്തമാക്കി ഡിസ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ പ്രതീക്ഷയില്‍ വന്ന ഹോളിവുഡ് വമ്പന്മാര്‍ക്ക് ബോക്‌സ് ഓഫീസില്‍ ശോഭിക്കാന്‍ സാധിക്കാത്ത വര്‍ഷമായി മാറിയിരിക്കുകയാണ് 2025. ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍, മാര്‍വലിന്റെ തണ്ടര്‍ബോള്‍ട്‌സ്, ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്, എന്നീ സിനിമകള്‍ക്ക് കാര്യമായി കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ഈ വര്‍ഷത്തെ ആദ്യ വണ്‍ ബില്യണ്‍ കളക്ഷന്‍ നേടാന്‍ പലരും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രമായ ലിലോ ആന്‍ഡ് സ്റ്റിച്ച് ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. വെറും 100 മില്യണ്‍ ബജറ്റിലൊരുങ്ങിയ ചിത്രം ചരിത്രവിജയമാണ് നേടിയിരിക്കുന്നത്. ഡിസ്‌നിയുടെ വമ്പന്‍ തിരിച്ചുവരവിനും ഈ ചിത്രം വഴിയൊരുക്കി.

ലിലോ ആന്‍ഡ് സ്റ്റിച്ചിന് മുമ്പ് ഡിസ്‌നി പുറത്തിറക്കിയ സ്‌നോവൈറ്റ് വമ്പന്‍ പരാജയമായിരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കൈയൊഴിഞ്ഞ ചിത്രമായി സ്‌നോവൈറ്റ്. ഐ.എം.ഡി.ബിയില്‍ വെറും ഒന്നര മാര്‍ക്കാണ് പലരും ചിത്രത്തിന് നല്‍കിയത്. 270 മില്യണിലൊരുങ്ങിയ ചിത്രത്തിന് ബജറ്റ് പോലും തിരിച്ചുപിടിക്കാനായിരുന്നില്ല.

എന്നാല്‍ സ്‌നോ വൈറ്റ് റിലീസ് ചെയ്ത് വെറും രണ്ട് മാസത്തിനുള്ളില്‍ ഗംഭീര തിരിച്ചുവരവാണ് ഡിസ്‌നി നടത്തിയത്. 2002ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ വേര്‍ഷന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറുകയായിരുന്നു. പല വമ്പന്‍ സിനിമകളെയും മുട്ടുകുത്തിക്കാന്‍ ലിലോക്കും സ്റ്റിച്ചിനും സാധിച്ചു.

മാര്‍വിലിന്റെ ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്, തണ്ടര്‍ബോള്‍ട്‌സ്, ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കനിങ്, റയാന്‍ കൂഗ്ലറിന്റെ സിന്നേഴ്‌സ് എന്നിവയാണ് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മറ്റ് ഹോളിവുഡ് ചിത്രങ്ങള്‍. ഡി.സിയുടെ സൂപ്പര്‍മാനുംജുറാസിക് വേള്‍ഡ് റീബെര്‍ത്തും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്.

ചൈനീസ് ചിത്രമായ നെ സ 2വാണ് ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ലോകസിനിമ. 2.2 ബില്യണാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. വാര്‍ണര്‍ ബ്രോസിന്റെ എ മൈന്‍ക്രാഫ്റ്റ് മൂവി 940 മില്യണിലധികം സ്വന്തമാക്കിയിരുന്നു. വണ്‍ ബില്യണ് തൊട്ടടുത്ത് വരെയെത്താന്‍ ചിത്രത്തിന് സാധിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

Content Highlight: Disney’s live action movie Lilo And Stitch became the first one billion grossing movie of 2025

We use cookies to give you the best possible experience. Learn more