| Wednesday, 30th September 2026, 10:30 pm

റിലീസിന് രണ്ട് ദിവസം ബാക്കി, ദൃശ്യം 3 ഹിന്ദി ബുക്കിങ്ങിലൂടെ നേടിയത് 29 കോടി; ഹിറ്റായാല്‍ ജീത്തു എയറിലാകുമെന്ന് ഉറപ്പിച്ച് ട്രോളന്മാര്‍

അമര്‍നാഥ് എം.

റീമേക്കുകള്‍ക്ക് അധികം സ്വീകാര്യതയില്ലാതായിരിക്കുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. സൗത്ത് ഇന്ത്യയില്‍ ഹിറ്റാകുന്ന സിനിമകള്‍ പലതും റീമേക്ക് ചെയ്ത് കുളമാക്കുന്നത് ഒരുപാട് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സൗത്ത് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ പ്രേമലുവിന്റെ റീമേക്കിന് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളായിരുന്നു ലഭിച്ചത്.

എന്നാല്‍ ബോളിവുഡില്‍ ഇപ്പോഴും വലിയ സ്വീകാര്യതയുള്ള ബ്രാന്‍ഡാണ് ദൃശ്യം. മോഹന്‍ലാല്‍ ഐക്കോണിക്കാക്കിയ ദൃശ്യം ഹിന്ദിയില്‍ റീമേക്ക് ചെയ്തത് അജയ് ദേവ്ഗണ്ണാണ്. ആദ്യ രണ്ട് ഭാഗങ്ങളും ബോളിവുഡില്‍ വിജയമായിരുന്നു. മോളിവുഡില്‍ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തതിന് തൊട്ടുപിന്നാലെ ഹിന്ദിയിലും ദൃശ്യം 3 അനൗണ്‍സ് ചെയ്തിരുന്നു.

എന്നാല്‍ മലയാളം വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായ കഥയാണ് ഹിന്ദിയിലേതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും ഇത് ശരിവെച്ചു. ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രീ സെയില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ 29 കോടിയാണ് ഇതുവരെ ദൃശ്യം 3 നേടിയത്. ആദ്യദിനം തന്നെ മിനിമം 60 കോടിക്കു മുകളില്‍ ചിത്രം സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മിനിമം 500 കോടിയെങ്കിലും ദൃശ്യം ദി കണ്‍ക്ലൂഷന്‍ നേടുമെന്നാണ് കരുതുന്നത്. ചിത്രം ഹിറ്റായാല്‍ ഏറ്റവുമധികം ട്രോളുകള്‍ ലഭിക്കാന്‍ പോകുന്നത് മലയാളം വേര്‍ഷന്റെ സംവിധായകന്‍ ജീത്തു ജോസഫിനാകുമെന്നാണ് ട്രോള്‍ പേജുകളുടെ പ്രവചനം.

മലയാളത്തില ഏറ്റവും വലിയ ബ്രാന്‍ഡായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ ഏറ്റവുമധികം വിമര്‍ശനം കേട്ടത് ജീത്തുവിന്റെ മേക്കിങ്ങിനായിരുന്നു. സീരിയല്‍ ലെവല്‍ മേക്കിങ്ങും തിരക്കഥയിലെ ലോജിക്കില്ലായ്മയും കാരണം ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ട്രോള്‍ മെറ്റീരിയലായി മാറി. എന്നാല്‍ ഹിന്ദി വേര്‍ഷനാകട്ടെ ഒരുപാട് മാറ്റങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.

പുതിയ ചില കഥാപാത്രങ്ങള്‍ ഇത്തവണ രംഗത്തെത്തുന്നുണ്ട്. അക്ഷയ് ഖന്നക്ക് പകരം പ്രകാശ് രാജ് എത്തിയപ്പോള്‍ ജയ്ദീപ് അഹ്‌ലാവത്ത് മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. കേരളത്തിന് പുറത്ത് ദൃശ്യം ഒറിജിനല്‍ വേര്‍ഷന്‍ ബോളിവുഡിന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ ഈയൊരു സിനിമയോടുകൂടി അത് ഉറപ്പാക്കുമെന്നാണ് കരുതുന്നത്.

Content Highlight: Dishyam 3 Hindi remake pre sales crossed 28 crores

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more