| Thursday, 26th March 2026, 12:43 pm

ഡയലോഗ് അടിയൊന്നുമില്ല 50 കോടി ബജറ്റിൽ ഇജ്ജാതി ഹെലികോപ്റ്റർ സീൻ; ഡയറക്ഷൻ, മ്യൂസിക്ക് എല്ലാം പീക്കിലെത്തിയ നിമിഷം

നന്ദന എം.സി

മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ജയസൂര്യ നായകനായെത്തിയ ആട് 3. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പോടെ മുന്നേറുന്നതിനൊപ്പം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണവും നേടി കൊണ്ടിരിക്കുകയാണ്.

ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങളുടെ ഭാഗങ്ങൾ ശ്രദ്ധേയമാക്കിയപ്പോൾ, സെക്കൻഡ് ഹാഫിൽ ‘ഡ്യൂഡ്’ ആയി എത്തിയ വിനായകൻ പ്രത്യേക ശ്രദ്ധ നേടി. മറ്റാർക്കും ലഭിക്കാത്ത തരത്തിലുള്ള മാസ് എൻട്രിയാണ് വിനായകനു ലഭിച്ചത്. പ്രത്യേകിച്ച് ഹെലികോപ്റ്ററിൽ നിന്നുള്ള ആ രംഗം പ്രേക്ഷകർക്ക് വൻ സർപ്രൈസായി.

ആട്, Photo: YouTube/ Screengrab

ആടിന്റെ മുൻ രണ്ട് ഭാഗങ്ങൾ പോലെ തന്നെ, ഒരു പ്രത്യേക വസ്തുവിനെ ചുറ്റിപ്പറ്റിയുള്ള ഓട്ടമാണ് മൂന്നാം ഭാഗത്തിന്റെയും പ്രമേയം. എന്നാൽ ഈ തവണ ആ വസ്തു ആദ്യം സ്വന്തമാക്കുന്നത് ഡ്യൂഡാണ്. എന്നിരുന്നാലും, അതിനേക്കാൾ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത് അദ്ദേഹത്തിന്റെ എൻട്രി തന്നെയായിരുന്നു. ഹെലികോപ്റ്റർ രംഗം തിയേറ്ററുകളിൽ ആവേശം നിറച്ച നിമിഷമായി മാറി.

വലിയ ഡയലോഗുകളോ ഹൈപ്പോ ഇല്ലാതെ, ഏകദേശം 50 കോടി ബജറ്റിൽ എടുത്ത ചിത്രത്തിൽ ഇത്തരമൊരു സീൻ അവതരിപ്പിച്ച സംവിധായകൻ മിഥുൻ മാനുവൽ തോമസിന് സോഷ്യൽ മീഡിയയിൽ കയ്യടിയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ച രീതി തന്നെയാണ് ഈ രംഗത്തെ പ്രത്യേകതയാക്കുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

വലിയ ഡയലോഗ് അടിയൊന്നുമില്ല 50 കോടി ബജറ്റിൽ എടുത്ത് വച്ചത് ഇജ്ജാതി ഒരു ഹെലികോപ്റ്റർ സീൻ, ഹെലികോപ്റ്ററിൽ ആരു വരുന്നു എങ്ങനെ വരുന്നു എന്നതിൽ അല്ല കാര്യം അത് ഉപയോഗിച്ച രീതിയാണ് പ്രത്യേകതയെന്നും തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.

ആട്, Photo: IMDb

ഡയറക്ഷൻ, അഭിനയം, സംഗീതം തുടങ്ങി എല്ലാ ഘടകങ്ങളും ഒരുമിച്ച് പീക്കിലെത്തിയ നിമിഷമായിരുന്നു ആ സീൻ എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.

കൂടാതെ ആ രംഗത്തിന്റെ മേക്കിങ് ചിത്രങ്ങൾ പുറത്തുവന്നതോടെ അതിന്റെ കാഴ്ചപ്പാട് കൂടുതൽ വ്യക്തമാവുകയും, ഒരൊറ്റ രംഗം കൊണ്ടുതന്നെ സിനിമയുടെ നിലവാരം ഉയർന്നുവെന്ന വിലയിരുത്തലുകളും ഉയരുന്നു. ചിത്രത്തിന്റെ സംഗീതത്തിന്റെ കാര്യത്തിൽ ഷാൻ റഹ്‌മാനും ഡോൺ വിൻസെന്റും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും പ്രേക്ഷകർ പങ്കുവെക്കുന്നു.

ചിത്രം ഇതിനകം തന്നെ 101 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. സൈജു കുറുപ്പ്, ധർമജൻ, സണ്ണി വെയ്ൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ചിത്രത്തിന്റെ ആകർഷണം കൂട്ടിയിട്ടുണ്ട്.

Content Highlight: Discussions on social media about the movie Aadu 3.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more