| Friday, 26th June 2026, 10:42 pm

ശാപവും ഭാഗ്യവും ഒരുപോലെ.... ബാറോസിനും വൃഷഭക്കും ശേഷം മറ്റൊരു ഡിസംബര്‍ റിലീസുമായി മോഹന്‍ലാല്‍... ഇത്തവണ ജയിക്കുമോ?

അമര്‍നാഥ് എം.

അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത മേഖലയാണ് സിനിമ. പല നടന്മാരും നിര്‍മാതാക്കളും സംവിധായകരും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുന്നത് സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്. ആരാധകര്‍ക്കിടയിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ ധാരാളമാണ്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം.

മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ അതിമനോഹരത്തിന്റെ റിലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്‍ഡസ്ട്രി ഹിറ്റ് കോമ്പോയായ മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു എന്നതാണ് അതിമനോഹരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അതിമനോഹരം Photo: Theatrical Poster

എന്നാല്‍ ഡിസംബര്‍ റിലീസാണ് എന്നത് ആരാധകര്‍ക്കിടയില്‍ ഒരേസമയം ടെന്‍ഷനും പ്രതീക്ഷയും നല്‍കുകയാണ്. അടുത്ത കാലത്തായി ഡിസംബറില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാറില്ല. 2018ല്‍ പുറത്തിറങ്ങിയ ഒടിയന്‍ മുതല്‍ക്ക് ഇങ്ങോട്ട് വന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.

2018 ഡിസംബര്‍ 14നാണ് ഒടിയന്‍ തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായൊരുങ്ങിയ ഒടിയന്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ഇന്നും ട്രോള്‍ മെറ്റീരിയലാണ് ഈ ചിത്രം. ഒടിയന് ശേഷം മോഹന്‍ലാലിന്റേതായി ഒരുങ്ങിയ ഡിസംബര്‍ റിലീസായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസിന് മുമ്പ് മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മരക്കാര്‍ തിയേറ്ററില്‍ വന്‍ പരാജയമായി മാറി.

മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ബാറോസും ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്. 150 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 16 കോടി മാത്രമാണ് നേടിയത്. കഴിഞ്ഞവര്‍ഷവും മോഹന്‍ലാല്‍ ഭാഗമായ രണ്ട് സിനിമകള്‍ ഡിസംബറില്‍ തിയേറ്ററുകളിലെത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ഒരുകോടി മാത്രം നേടിയാണ് കളംവിട്ടത്. ദിലീപ് നായകനായ ഭ ഭ ബയും വന്‍ പരാജയമേറ്റുവാങ്ങി.

എന്നാല്‍ ഇതെല്ലാം ബിഗ് ബജറ്റ് സിനിമകളായിരുന്നു. ചെറിയ ബജറ്റിലൊരുങ്ങിയ സിനിമകള്‍ ഡിസംബറില്‍ റിലീസ് ചെയ്തപ്പോഴെല്ലാം ചരിത്രവിജയമായിട്ടുണ്ടെന്ന പ്രത്യേകതയും മോഹന്‍ലാലിനുണ്ട്. ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഒരു ക്രിസ്മസ് ദിനത്തിലായിരുന്നു തിയേറ്ററുകളിലെത്തിയത്. മലയാളസിനിമയിലെ നാഴികക്കല്ലായി മാറിയ ചിത്രം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളും ക്രിസ്മസ് റിലീസായിരുന്നു. ഇന്‍ഡസ്ട്രി ഹിറ്റായ ദൃശ്യവും ഡിസംബര്‍ റിലീസായിരുന്നെന്നതും ശ്രദ്ധേയമാണ്.

ഒടിയന് ശേഷം വന്ന സിനിമകളില്‍ നേര് മാത്രമാണ് ഡിസംബര്‍ റിലീസുകള്‍ക്കിടയില്‍ വിജയമായത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കി. ഒരേ സമയം ശാപവും ഭാഗ്യവുമുള്ള ഡിസംബറില്‍ മറ്റൊരു സിനിമയുമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രതീക്ഷയും ഭയവും സമാസമമാണ്.

Content Highlight: Discussions on Mohanlal’s December release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more