| Wednesday, 21st October 2026, 12:22 pm

റിലീസിന് മുന്നേ റെക്കോഡ് ഒ.ടി.ടി ഡീല്‍, രണ്ട് മാസമാകാറായിട്ടും ഒരു പ്ലാറ്റ്‌ഫോമിലും റിലീസാകാതെ ഐ ആം ഗെയിം

അമര്‍നാഥ് എം.

ഈ വര്‍ഷം പലരും വലിയ ഹൈപ്പില്‍ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ഐ ആം ഗെയിം. രണ്ടര വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയില്‍ ഇടംപിടിച്ചു. 180 ദിവസത്തിനടുത്ത് ഷൂട്ട് ചെയ്ത ഐ ആം ഗെയിം ദുല്‍ഖറിന്റെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.

ഓണം റിലീസായെത്തുമെന്നറിയിച്ച ചിത്രം അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. അതിഗംഭീര ഫസ്റ്റ് ഹാഫിനൊപ്പമെത്താത്ത സെക്കന്‍ഡ് ഹാഫ് ഐ ആം ഗെയിമിന് തിരിച്ചടിയായി. 50 കോടി പോലും നേടാനാകാതെയാണ് ചിത്രം കളംവിട്ടത്.

റിലീസ് ചെയ്ത് ഒന്നര മാസമാകുമ്പോഴും ഐ ആം ഗെയിമിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് യാതൊരു അപ്‌ഡേറ്റും ലഭിക്കാത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. റിലീസിന് മുമ്പ് റെക്കോഡ് ഒ.ടി.ടി ഡീലാണെന്ന് ചില ട്രാക്കിങ് പേജുകള്‍ അറിയിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് ഐ ആം ഗെയിമിന്റെ പേരിലാണെന്ന് ‘ഫ്രൈഡേ മാറ്റിനി’ അടക്കമുള്ള പേജുകള്‍ പങ്കുവെച്ചു.

എന്നാല്‍ ഏത് പ്ലാറ്റ്‌ഫോമാണ് ഐ ആം ഗെയിമിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സീ ഫൈവാണ് റൈറ്റ്‌സ് വാങ്ങിയതെന്ന് ചില പേജുകള്‍ അഭിപ്രായപ്പെടുമ്പോള്‍ ജിയോ ഹോട്‌സ്റ്റാറാണെന്ന് മറ്റ് ചില പേജുകള്‍ അഭിപ്രായപ്പെടുന്നു. പോസ്റ്റ് തിയേറ്ററിക്കല്‍ റിലീസിന് ശേഷം സൈന്‍ ചെയ്യുന്ന ഡീലാണ് ചിത്രത്തിന്റേതെന്നും പ്രതീക്ഷിച്ച തുക ലഭിച്ചേക്കില്ലെന്നും പോസ്റ്റുകളുണ്ട്.

70 കോടിയിലേറെയാണ് ചിത്രത്തിന്റെ ബജറ്റ്. എന്നാല്‍ തിയേറ്ററില്‍ നിന്ന് കഷ്ടിച്ച് 45 കോടി മാത്രമാണ് ഐ ആം ഗെയിമിന് നേടാനായത്. കിങ് ഓഫ് കൊത്തക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു ബോക്‌സ് ഓഫീസ് ഡിസാസ്റ്റര്‍ സമ്മാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ഫ്‌ളോപ്പുകള്‍ മലയാളത്തില്‍ ദുല്‍ഖറിന്റെ ഇംപാക്ട് കുറക്കുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു.

മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥയായിരുന്നു ഐ ആം ഗെയിം. ഫാന്റസിയും ആക്ഷനും സ്‌പോര്‍ട്‌സും ചേര്‍ത്ത് ഒരുക്കിയ ചിത്രത്തിന് തിരിച്ചടിയായത് ഫ്‌ളാഷ്ബാക്ക് സീനുകളായിരുന്നു. ദുല്‍ഖറിന്റെ സാന്നിധ്യമില്ലാത്ത സീനുകള്‍ പ്രേക്ഷകര്‍ക്ക് ഒട്ടും കണക്ടാകാതെ പോയി.

ഐ ആം ഗെയിമിന് ശേഷം വീണ്ടും മലയാളത്തില്‍ നിന്ന് ഗ്യാപ്പെടുക്കുകയാണ് ദുല്‍ഖര്‍. തുടര്‍ച്ചയായി മൂന്ന് അന്യഭാഷാ സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര അടുത്ത മാസം റിലീസ് ചെയ്യും. പൂജ ഹെഗ്‌ഡേയ്‌ക്കൊപ്പമുള്ള ശ്രീ ശ്രീ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. ഇതിന് ശേഷം മറ്റൊരു തമിഴ് ചിത്രമാകും ദുല്‍ഖര്‍ ചെയ്യുക എന്നാണ് റൂമറുകള്‍.

Content Highlight: Discussions about I’m Game OTT release and deal viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more