| Monday, 26th October 2026, 2:21 pm

നസ്രിയയുടെ വസ്ത്രത്തെ ചൊല്ലി ചര്‍ച്ച; 'നൈയാണ്ടി' വിവാദം ഓര്‍മിപ്പിച്ച് പരിഹാസം ; മറുപടിയുമായി സോഷ്യല്‍ മീഡിയ

ആര്യ

സൂര്യ, നസ്രിയ, നസ്‌ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘സീന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടി നസ്രിയ നസീം ധരിച്ച വസ്ത്രത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

നസ്രിയയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രധാരണം പാലിക്കണമെന്നാണ് ചിലരുടെ വാദം.

സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രവും വ്യത്യസ്തമായി കാണണമെന്ന അഭിപ്രായവും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

ഇതിനിടെ ‘പണ്ട് ധനുഷിന്റെ കൂടെയുള്ള ഒരു പടത്തില്‍ ഒരു പാട്ടില്‍ വയര്‍ കാണിച്ചു, അത് തന്റെയല്ല വേറെ ആരുടേയോ ആണെന്ന് പറഞ്ഞ് സംവിധായകനെതിരെ കേസ് കൊടുത്ത ആളാ ‘ എന്നായിരുന്നു നസ്രിയയ്‌ക്കെതിരെ വന്ന ഒരു കമന്റ്.

എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ തന്നെ ചിലര്‍ മറുപടി നല്‍കുന്നുമുണ്ട്.

അന്ന് നസ്രിയ പരാതി നല്‍കിയത് തന്റെ സമ്മതമില്ലാതെ ഒരു രംഗം ചിത്രീകരിച്ചതിനെതിരെയാണെന്നും ഇന്ന് അവര്‍ ധരിക്കുന്ന വസ്ത്രം അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് മനസിലാക്കൂവെന്നുമാണ് അനു ചന്ദ്ര എന്ന ഐഡി നല്‍കുന്ന മറുപടി.

‘അന്ന് അവര്‍ പരാതി കൊടുത്തത് തന്റെ സമ്മതമില്ലാതെ ചിത്രീകരിച്ച ഒരു രംഗത്തിനെതിരെയാണെന്നും, ഇന്ന് അവര്‍ ധരിക്കുന്ന വസ്ത്രം അവരുടെ തിരഞ്ഞെടുപ്പാണെന്നും മനസിലാക്കാന്‍ ഇവര്‍ക്കാകുന്നില്ലല്ലോ എന്നത് അത്ഭുതമാണ്.

ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ തെരഞ്ഞെടുപ്പാണ്. പക്ഷേ, സമ്മതമില്ലാതെ തന്റെ ശരീരം സിനിമയില്‍ തെറ്റായ നിലക്ക് അവതരിപ്പിക്കപ്പെടുന്നത് അവളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റവും.

സൂര്യ,നസ്രിയ നസീം,നസ്‌ലെൻ: Screen Grab/ Youtube

തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നു എന്നത് തന്റെ ശരീരം മറ്റൊരാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചിത്രീകരിക്കാനുള്ള അനുവാദമായി ആരും കണക്കാക്കേണ്ടതില്ലെന്നും ദയവായി വസ്ത്രധാരണവും സമ്മതവും തമ്മില്‍ ഇത്തരത്തില്‍ കൂട്ടിക്കുഴയ്ക്കാതിരിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

‘വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല സ്ത്രീയുടെ സ്വാതന്ത്ര്യം. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശവും അതിന്റെ ഭാഗമാണ്’ എന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

മറ്റുചിലര്‍ നസ്രിയയുടെ വസ്ത്രധാരണത്തെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി കാണണമെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും പറയുന്നുണ്ട്.

നസ്രിയ ഇങ്ങനെ എക്‌സ്‌പോസ് ചെയ്ത് പബ്ലിക്കില്‍ ഇതുവരെ വന്നുകണ്ടിട്ടില്ലെന്നും വ്യക്തിപരമായി ഇത്തരം അപ്പിയറന്‍സിനോട് യോജിക്കാനാവില്ലെന്നുമൊക്കെയാണ് ചില കമന്റുകള്‍.

എന്നാല്‍ അവര്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചതില്‍ ആര്‍ക്കാണ് ഇത്ര പരാതിയെന്നും ഇതില്‍ പരാതിപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് എന്തവകാശമെന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. നസ്രിയയ്‌ക്കോ അവരുടെ പങ്കാളിക്കോ ഇല്ലാത്ത പ്രശ്‌നമാണ് സദാചാര ആങ്ങളമാര്‍ക്കെന്ന കമന്റുകളും വരുന്നുണ്ട്.

Content Highlight: Discussion over Nazriya’s outfit; ‘Naiyaandi’ controversy recalled amid mockery, social media responds

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more