| Saturday, 15th November 2025, 11:57 am

വിജയ് പോയതോടെ തമിഴ് സിനിമ ഇല്ലാതായോ, രജിനി- കമല്‍ പ്രൊജക്ട് ഒരുക്കാന്‍ സംവിധായകരില്ലെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തലൈവര്‍ 173യില്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രിയിലെ രണ്ട് പവര്‍ ഹൗസുകള്‍ ഒന്നിക്കുന്ന പ്രൊജക്ട് സംവിധാനം ചെയ്യാന്‍ ഇപ്പോള്‍ സംവിധായകനെ കിട്ടാത്ത അവസ്ഥയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംവിധായകരുടെ അവസ്ഥകള്‍ വിവരിച്ചുകൊണ്ടുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

തഗ് ലൈഫിന് പിന്നാലെ മണിരത്‌നവും ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകളോടെ ഷങ്കറും ഫോം ഔട്ടായെന്ന് അഭിപ്രായപ്പെടുന്നു. ഇവര്‍ക്ക് ശേഷം തമിഴില്‍ മികച്ച കൊമേഴ്‌സ്യല്‍ സിനിമകളൊരുക്കിയ എ.ആര്‍. മുരുകദോസിന്റെ കാര്യവും കഷ്ടത്തിലാണ്. കത്തിക്ക് ശേഷം ചെയ്ത സിനിമകളൊന്നും നന്നായി വരാത്തത് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പുതിയ തലമുറയിലെ സംവിധായകരെയും കിട്ടുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അല്ലു അര്‍ജുനുമായുള്ള പ്രൊജക്ട് കാരണം അറ്റ്‌ലീ ബിസിയാണെന്നും ശിവകാര്‍ത്തികേയനെ നായകനാക്കിയുള്ള പ്രൊജക്ടില്‍ വെങ്കട് പ്രഭുവും ബിസിയാണെന്നും കുറിച്ചിട്ടുണ്ട്. അണ്ണാത്തെ, കങ്കുവ എന്നീ ഫ്‌ളോപ്പുകളൊരുക്കിയതിനാല്‍ ശിവയെയും അടുപ്പിക്കാനാകില്ലെന്ന് പോസ്റ്റില്‍ പറയുന്നു.

പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജിന്റെ കൈയിലെ സ്റ്റോക്ക് തീര്‍ന്നെന്നും ജയിലര്‍ 2 കാരണം നെല്‍സണ്‍ ബിസിയാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. കബാലി, കാല എന്നിവക്ക് ശേഷം രജിനികാന്ത് ഒരിക്കല്‍ കൂടി പാ. രഞ്ജിത്തുമായി കൈകോര്‍ക്കാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. മൂന്ന് വര്‍ഷമായി ഒരൊറ്റ സിനിമയുടെ പിന്നാലെ നടക്കുന്ന ദെസിങ്ക് പെരിയസാമിയുടെ കാര്യവും നടക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു.

കൂലി എന്ന ഒരൊറ്റ സിനിമയോടെ വന്‍ ട്രോള്‍ മെറ്റീരിയലായി മാറിയ ലോകേഷിനെ ഈ പ്രൊജക്ടില്‍ പരിഗണിക്കില്ലെന്നും പോസ്റ്റില്‍ അഭിപ്രായപ്പെടുന്നുണ്ട്. നെക്സ്റ്റ് മീഡിയ ഓഫീസ് എന്ന പേജാണ് പോസ്റ്റ് പങ്കുവെച്ചത്. വിജയ് എന്ന താരം തമിഴ് സിനിമയുടെ മാര്‍ക്കറ്റ് വലുതാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് പരിപാലിക്കാന്‍ കഴിയുന്ന സംവിധായകര്‍ ഇല്ലാത്തതാണ് ഇന്‍ഡസ്ട്രിയുടെ പ്രശ്‌നമെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

നെല്‍സണ്‍, അറ്റ്‌ലീ, ലോകേഷ്, വെങ്കട് പ്രഭു എന്നീ സംവിധായകരുടെ മാര്‍ക്കറ്റ് വിജയ്‌യുമൊത്തുള്ള സിനിമകളിലൂടെയാണ് വലുതായത്. എന്നാല്‍ രജിനിയെയും കമല്‍ ഹാസനെയും ഒരുമിപ്പിക്കുന്ന പ്രൊജക്ട് പുള്‍ ഓഫ് ചെയ്യാനുള്ള കാലിബര്‍ ഇവര്‍ക്ക് ഉണ്ടാകില്ലെന്നാണ് പലരുടെയും അഭിപ്രായം. വിജയ് വിട്ടുനിന്നതോടെ തമിഴ് സിനിമയില്‍ ഹിറ്റുകളില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Discussion on the director of Thalaivar 173 viral

We use cookies to give you the best possible experience. Learn more