| Friday, 23rd January 2026, 5:08 pm

തരുണ്‍ മൂര്‍ത്തിയും പൃഥ്വിരാജും; രണ്ട് ഫാന്‍ബോയ്‌സും രണ്ട് ലാലേട്ടനും

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ പ്രേമികള്‍ മോഹന്‍ലാലിനെ പോലെ ആഘോഷിച്ച മറ്റൊരു നടനില്ല എന്ന് നിസ്സംശയം പറയാം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ കഴിഞ്ഞ നാല് ദശാബ്ദമായി പ്രായഭേദമന്യേ തലമുറകളെ ആവേശം കൊള്ളിച്ചാണ് താരം ഇന്നും ആരാധകരെ വിസ്മയപ്പെടുത്തുന്നത്. ഇടക്കാലത്ത് തുടര്‍ പരാജയങ്ങളില്‍ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് തുടര്‍ച്ചയായ 3 ഹിറ്റുകള്‍ സ്വന്തമാക്കിയാണ് താരം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനും തരുണ്‍ മൂര്‍ത്തിയുടെ തുടരുമും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളായിരുന്നു. ഈ രണ്ട് പേരും മോഹന്‍ലാലിന്റെ വലിയ ആരാധകരാണ്. തുടരുമിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന എല്‍366 എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Photo: WION

ഒരുപാട് കാലത്തിന് ശേഷം താടി വടിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രം പുറത്ത് വന്ന് മിനുട്ടുകള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകരായ പൃഥ്വിരാജും തരുണും താരത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന രീതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറും ബ്രോ ഡാഡിയും എമ്പുരാനും മറുവശത്ത് തരുണിന്റെ തുടരുമും താരതമ്യപ്പെടുത്തിയാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

പക്വതയുള്ള ഒരു ഫാന്‍ബോയ് എന്നാണ് പൃഥ്വിരാജിനെ ഭൂരിഭാഗം പേരും വിശേഷിപ്പിക്കുന്നത്. വലിയ രീതിയില്‍ ചര്‍ച്ചയായ എമ്പരുരാനിലും ലൂസിഫറിലും മോഹന്‍ലാലിനെ പൂര്‍ണ്ണമായി അഴിച്ചുവിടാതെ വളരെ നിയന്ത്രിതമായാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. തിരക്കഥയില്‍ ഒരു തരി പോലും വിട്ടുവീഴ്ച്ച വരുത്താതെയാണ് ഇരുചിത്രങ്ങളിലും പൃഥ്വിരാജ് തന്റെ ആരാധനപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം മറുവശത്ത് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചെറിയ ചലനങ്ങളില്‍ പോലും തരുണ്‍ മൂര്‍ത്തിയെന്ന കടുത്ത ആരാധകനെ കാണാന്‍ സാധിക്കും. താടി അങ്കെ ഇരുന്നാല്‍ ആര്‍ക്കെടാ പ്രച്ചനേ എന്ന് തുടരുമില്‍ ചോദിപ്പിച്ച അതേ സംവിധായകന്‍ തന്നെയാണ് തന്റെ അടുത്ത ചിത്രത്തില്‍ ലാലേട്ടനെ കൊണ്ട് താടി വടിപ്പിച്ചിരിക്കുന്നത്. ലാലേട്ടന്റെ തോള്‍ ചരിച്ചിട്ടുള്ള നടത്തവും എം.ജി ശ്രീകുമാറിന്റെ ആലാപനത്തില്‍ താരം അഴിഞ്ഞാടിയ കൊണ്ടാട്ടം സോങ്ങും ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു.

ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ എന്താണ് മനസില്‍ ആഗ്രഹിക്കുന്നതെന്ന് തരുണിന് കൃത്യമായി അറിയാമെന്നാണ് കമന്റുകള്‍ പറയുന്നത്. ഒരുപക്ഷേ സിനിമാപേജുകളില്‍ മറ്റ് പേരുകളില്‍ സംവിധായകന്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാവും പ്രേക്ഷകരുടെ പള്‍സ് ഇത്ര കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

Photo: OTT play

സമീപകാലത്ത് പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം കണക്ടായ സീനായിരുന്നു തുടരുമിലെ പൊലീസ് സ്‌റ്റേഷനിലെ ഫൈറ്റ് സീന്‍. പ്രേക്ഷകര്‍ ഓരോരുത്തരും അടിക്കെടാ എന്ന് മനസ്സില്‍ കരുതിയിരിക്കുന്ന സമയത്ത് തന്നെ അടി പൊട്ടിയ സീനില്‍ മോഹന്‍ലാലിന്റെ പ്രതാപത്തിലേക്കുള്ള മടങ്ങിവരവിനായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ മോഹല്‍ലാലിനെ നായകനാക്കി തരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തില്‍ പൊലീസ് വേഷത്തിലാവും മോഹന്‍ലാല്‍ എത്തുകയെന്നും അതിനാലാണ് താടി വടിച്ചതെന്നുമാണ് ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more