| Saturday, 25th November 2023, 7:59 pm

ചോക്ലേറ്റ് കോഫി; ലിയോയിലെ മെയ്ന്‍ വില്ലന്മാരെയും സൈഡാക്കിയ സൈഡ് വില്ലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും എത്തിയിരിക്കുകയാണ്. ഒ.ടി.ടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രത്തെ പറ്റി പലവിധ ചര്‍ച്ചകളാണ് നടക്കുന്നത്. അതിലൊന്ന് തുടക്കത്തില്‍ വില്ലനായി വന്ന സാന്‍ഡി മാസ്റ്ററാണ്. ലിയോ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ആഴത്തില്‍ തറഞ്ഞ ഒരു കഥാപാത്രമായിരിക്കും കൊള്ള സംഘത്തിലെ സൈക്കോ വില്ലന്‍.

വളരെ കുറച്ച് നേരം മാത്രം ചിത്രത്തിലെത്തുന്ന കഥാപാത്രമാണ് സാന്‍ഡി മാസ്റ്ററിന്റെ സൈക്കോ വില്ലന്‍. എന്നാന്‍ മെയ്ന്‍ വില്ലന്മാരായ ഹരോള്‍ഡ് ദാസിനേയും ആന്റണി ദാസിനേയും പെര്‍ഫോമന്‍സ് കൊണ്ട് ഈ സൈഡ് വില്ലന്‍ സൈഡാക്കുന്നുണ്ട്. ആദ്യഭാഗത്തെ അത്രയും ആകാംക്ഷാഭരിതമാക്കുന്നതിലും ഡാര്‍ക്ക് മോഡിലേക്ക് കൊണ്ടുപോകുന്നതിലേക്കും ഈ വില്ലന്‍ വഹിച്ച പങ്ക് വലുതാണ്. ഈ ഭീകരാന്തരീക്ഷം പിന്നീട് മെയ്ന്‍ വില്ലന്മാര്‍ വന്നപ്പോള്‍ പോലും കിട്ടിയില്ല. അത്രയും ഇന്റന്‍സായ പ്രകടനമാണ് സാന്‍ഡി മാസ്റ്റര്‍ പുറത്തെടുത്തത്.

മൊത്തം ഗെറ്റപ്പില്‍ തന്നെ വലിയ മാറ്റം വരുത്തിയാണ് ലിയോയില്‍ സാന്‍ഡി മാസ്റ്റര്‍ എത്തിയതും. മുമ്പ് പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്‍ഡി എന്ന നടന്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ലിയോ കാരണമായിട്ടുണ്ട്.

സിനിമാലോകത്തേക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആളല്ല സാന്‍ഡി മാസ്റ്റര്‍. അവിടെ അദ്ദേഹം തന്റേതായ സ്ഥാനം ഇതിനോടകം തന്നെ ഉറപ്പിച്ചതാണ്. സമീപകാലത്ത് വിവിധ ഭാഷകളില്‍ പുറത്ത് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലെല്ലാം സാന്‍ഡി മാസ്റ്ററിന്റെ ചുവടുകളുമുണ്ട്. ശിവകാര്‍ത്തികേയന്‍ ചിത്രങ്ങളായി ഡോണ്‍, പ്രിന്‍സ്, ചീരഞ്ജീവിയുടെ ഗോഡ്ഫാദര്‍, വിജയ് ചിത്രം വാരിസ്, ലോകേഷ്- കമല്‍ ഹാസന്‍ ചിത്രം വിക്രം തുടങ്ങി ഇങ്ങ് മലയാളത്തില്‍ ആര്‍.ഡി.എക്സിനായി വരെ സാന്‍ഡി കിടിലന്‍ ചുവടുകളൊരുക്കി.

താന്‍ ചുവടൊരുക്കുന്ന പാട്ടുകളിലും സാന്‍ഡി മാസ്റ്റര്‍ പ്രത്യക്ഷപ്പെടാറുണ്ട്. അസാമാന്യ സ്‌ക്രീന്‍ പ്രസന്‍സും എനര്‍ജിയും തന്നെയാണ് ഇവിടെ സാന്‍ഡിക്ക് മുതല്‍ക്കൂട്ടാവുന്നത്.

സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്‌മാനേയും ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട് സാന്‍ഡി മാസ്റ്റര്‍. മാരി സെല്‍വരാജ് ചിത്രം മാമന്നനായി എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ സ്പെഷ്യല്‍ പാട്ടായ ജിഗു ജിഗു റയിലിലെ ഡാന്‍സ് ഒരുക്കിയത് സാന്‍ഡിയാണ്. ഡാന്‍സില്‍ മാത്രമല്ല അഭിനയത്തിലും ഇനിയും തന്നെ എക്സ്പ്ലോര്‍ ചെയ്യാനുണ്ട് എന്ന് തെളിയിക്കുകയാണ് സാന്‍ഡി മാസ്റ്റര്‍.

Content Highlight: discussion on socail media about sandy master after leo ott release

We use cookies to give you the best possible experience. Learn more