| Wednesday, 19th March 2025, 2:28 pm

ആരോഗ്യ ഡയറക്ടറുമായുള്ള ആശമാരുടെ ചര്‍ച്ച പരാജയം; പുതിയ ചര്‍ച്ചയ്ക്ക് ആരോഗ്യമന്ത്രിയുടെ ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്റ്റേറ്റ് എന്‍.എച്ച്.എം ഉഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ആശാവര്‍ക്കര്‍മാര്‍. തങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും ആശമാര്‍ പ്രതികരിച്ചു. അതേസമയം ചര്‍ച്ച പരാജയപ്പെട്ടതോടെ ആരോഗ്യമന്ത്രി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങള്‍ എന്‍.എച്ച്.എം ഡയറക്ടര്‍ കേട്ടത് പോലുമില്ലെന്നും സമരം അവസാനിപ്പിക്കണമെന്നാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.

ഓണറേറിയത്തിന്റെ നിബന്ധനകള്‍ നീക്കിയതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരം പിരിഞ്ഞ് പോവാന്‍ കഴിയില്ലേയെന്ന് ചര്‍ച്ചയില്‍ ചോദിച്ചുവെന്നും എന്നാല്‍ ആവശ്യങ്ങളുടെ കാര്യങ്ങളില്‍ തീരുമാനമായാല്‍ മാത്രമേ പിരിഞ്ഞ് പോവുകയുള്ളൂവെന്നും ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.

നിരാഹാരസമരം തുടരുമെന്ന് പ്രഖ്യാപിച്ചുവെന്നും മന്ത്രിസഭാ തലത്തില്‍ ചര്‍ച്ച നടക്കട്ടേയെന്നും ആശാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോട് കൂടി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രിയുടെ ക്ഷണം ലഭിച്ചത്. നേരത്തെ എന്‍.എച്ച്.എം ഡയറക്ടര്‍ ഇക്കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

ഇന്ന് മൂന്ന് മണിക്കാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ എന്‍.എച്ച്.എം ഡയറക്ടറുമായി ചര്‍ച്ചയ്ക്ക് പങ്കെടുത്ത സമരസമിതി അംഗങ്ങള്‍ തന്നെയാവും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുക.

Content Highlight: Discussion fails; Health Minister invites Asha workers for discussion

We use cookies to give you the best possible experience. Learn more