പൊലീസുകാര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രങ്ങള്‍ക്ക് എല്ലാക്കാലത്തും ഒരു പ്രത്യേക ഫാന്‍ബേസ് തന്നെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കമ്മീഷ്ണര്‍, ഏകലവ്യന്‍, ദി ടൈഗര്‍, എഫ്.ഐ.ആര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സുരേഷ് ഗോപിയും ഒളിമ്പ്യന്‍ അന്തോണി ആദം, ബാബ കല്യാണി, തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലും ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒട്ടനവധി പൊലീസ് വേഷങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു. Photo: X.com
ഇവര്‍ മൂന്ന് പേര്‍ക്കും പൊലീസ് കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവില്‍ പ്രേക്ഷകര്‍ക്ക് സംശയമൊന്നുമില്ലെങ്കിലും മലയാളത്തിലെ യുവതാരങ്ങളില്‍ ആര്‍ക്കാണ് ഏറ്റവും നന്നായി പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ളത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ അരങ്ങേറുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ എസ്.ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയാണ് കൂട്ടത്തില്‍ മിടുക്കന്‍ എന്നാണ് ഒരു പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ അവകാശപ്പെടുന്നത്.
മുംബൈ പൊലീസ്. Photo: Onlookermedia
അടുത്തിടെ പുറത്തിറങ്ങിയ ദൃഢം എന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗവും ഉയിര്‍ എന്ന ചിത്രത്തില്‍ റോഷന്‍ മാത്യൂവും പൊലീസ് വേഷത്തിലെത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ജയസൂര്യയുടെയും ദുല്‍ഖറിന്റെയും പൊലീസ് കഥാപാത്രങ്ങള്‍ ചര്‍ച്ചയിലുണ്ടെങ്കിലും ഇവരില്‍ ഏറ്റവും മികച്ചത് നിവിന്‍ പോളി അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവിനും മുംബൈ പൊലീസിലെ എസി.പി ആന്റണി മോസസിനുമാണ് പ്രേക്ഷക പിന്തുണ കൂടുതലും.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. Photo: WION
2013ല്‍ തന്നെ മലയാള സിനിമയില്‍ സ്വവര്‍ഗാനുരാഗിയായ ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് എല്ലാ അര്‍ത്ഥത്തിലും കഥാപാത്രത്തെ പൂര്‍ണതയിലെത്തിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലേത് കൂടുതല്‍ യാഥാര്‍ത്ഥ്യവുമായി അടുത്ത് നില്‍ക്കുന്നത് ആയതിനാലാണ് പലരും നിവിനെ പിന്തുണക്കുന്നതെന്നും അഭിനയ മികവിന്റെ കാര്യത്തില്‍ പൃഥ്വി തന്നെയാണ് മുന്‍പന്തിയിലെന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ അമ്പരപ്പിച്ച കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ മറക്കരുതെന്നും കമന്റുകളുണ്ട്.
Content Highlight: Discussion about who is the best young actor to portray police character in Malayalam cinema