മലയാള സിനിമാ ആരാധകര്‍ മോഹന്‍ലാലിനെ പോലെ ആഘോഷിച്ച മറ്റൊരു നടനുണ്ടാകില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ലാലേട്ടാ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മോഹന്‍ലാല്‍ 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മലയാള സിനിമയുടെ അമരത്തുണ്ട്. കഴിഞ്ഞ ദിവസം വിഷ്ണു മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന L367 ന്റെ അനൗണ്‍സ്‌മെന്റ് അടക്കം വലിയ സ്വീകരണമാണ് താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം L367 എന്ന പേരില്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് L എന്ന ഇംഗ്ലീഷ് ആല്‍ഫബെറ്റ് ഉപയോഗിച്ചിട്ടുള്ള ബ്രാന്‍ഡിങ്ങ് ആണ്. കരിയറില്‍ നാനൂറ് ചിത്രങ്ങളോട് അടുക്കുന്ന താരത്തിന്റെ സമീപകാലത്ത് ഇറങ്ങുന്ന ചിത്രങ്ങള്‍ക്കാണ് എല്‍ ഉപയോഗിച്ചിട്ടുള്ള ബ്രാന്‍ഡിങ്ങ് കണ്ടുതുടങ്ങിയത്.
Photo: prithviraj sukumaran/ Facebook.com
തമിഴ് സിനിമയില്‍ രജിനികാന്തിന്റെ വരാനിരിക്കുന്ന ചിത്രം തലൈവര്‍173 എന്നും തെലുങ്കില്‍ അല്ലു അര്‍ജുന്‍ ലോകേഷിനൊപ്പം ചെയ്യുന്ന ചിത്രം aa23 എന്നും താത്കാലികമായി പേരിട്ടത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ട്രെന്‍ഡിലാണ് ലാലേട്ടന്റെ സിനിമകളും അണിചേര്‍ന്നിരിക്കുന്നത്.
എന്നാല്‍ എപ്പോള്‍ മുതലാണ് M എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ പേര് തുടങ്ങുന്ന താരത്തിന് L എന്ന അക്ഷരം ബ്രാന്‍ഡ് ആയി കിട്ടിയത് എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ ആരാധകര്‍. ഇതിന്റെ ഉത്ഭവം തേടിയുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് 2017 ല്‍ പൃഥ്വിരാജ് താരത്തിന്റെ ജന്മദിനത്തില്‍ ആശംസകളറിയിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലേക്കാണ്. ‘ഹാപ്പി ബര്‍ത്ത്‌ഡേ L’ എന്ന കാപ്ഷനോടെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.
പിന്നീട് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫറിന്റെ ടൈറ്റിലിലും L എന്ന അക്ഷരത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എമ്പുരാനിലൂടെയാണ് ഇതിന് വലിയ രീതിയില്‍ പോപ്പുലാരിറ്റി ലഭിക്കുന്നത്. ചിത്രത്തിലെ കെട്ടിടം ഇടിഞ്ഞു വീഴുന്ന രംഗത്തിലും രണ്ടാം പകുതിയിലെ സംഘട്ടന രംഗത്തില്‍ മരത്തിന് തീ പിടിക്കുമ്പോഴും കണ്‍വിന്‍സിങ്ങ് ആയ രീതിയില്‍ L നെ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്.
ഇതോടെ മലയാളികള്‍ക്ക് മോഹന്‍ലാലിന്റെ പര്യായമായി ഈ അക്ഷരം മാറുകയായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വമ്പന്‍ ഹിറ്റായി മാറിയ തുടരുമിലാണ് സംവിധായകന്‍ L വെച്ച് പടം അനൗണ്‍സ് ചെയ്യുന്ന രീതിക്ക് തുടക്കം കുറിച്ചതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ലാലിന്റെ കരിയറിലെ 360ാമത്തെ ചിത്രമായ തുടരുമിനെ ഷൂട്ടിന് മുമ്പ് L360 വരുന്നു എന്ന പോസ്‌റ്റോടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തത്.
Photo: facebook.com
അടുത്തിടെയിറങ്ങിയ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചത്താ പച്ചയുടെ അപ്‌ഡേഷനുകളില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള സൂചനയെന്നോണം M എന്ന അക്ഷരം പ്രത്യേക ഫോണ്ടിലെഴുതിയതും ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മോഹന്‍ലാല്‍ എത്തുന്നുവെന്ന അണിയറപ്രവര്‍ത്തകരുടെ സ്റ്റോറിയില്‍ L എന്ന അക്ഷരം ഉപയോഗിച്ച രീതിയും വൈറലായി.
Content Highlight: Discussion about the branding of L in Mohanlal movie announcement