വലിയ ആവേശത്തിനൊടുവില് ഇന്ന് (വ്യാഴം) തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്സണ് സംവിധാനം ചെയ്ത ജയിലര് 2. 2023ല് പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രത്തില് രജിനികാന്ത് ആയിരുന്നു നായകനെങ്കിലും വലിയ താരനിരയായിരുന്നു അണിനിരന്നത്. ചിത്രം വലിയ വിജയമായപ്പോള് മുതല് തന്നെ വലിയ കാത്തിരിപ്പായിരുന്നു രണ്ടാം ഭാഗത്തിനുണ്ടായിരുന്നത്. ഇത്രയും വലിയ താരനിരയെ എങ്ങനെ സംവിധായകന് കൈകാര്യം ചെയ്യും എന്നായിരുന്നു ആരാധകരുടെ സംശയം.
ജയിലര് 2. Photo: District
എന്നാല് തിയേറ്ററില് അര്മാദിച്ചുകൊണ്ടായിരുന്നു ജയിലര് 2വിന്റെ ആദ്യഷോയ്ക്ക് പിന്നാലെ ആരാധകര് തിയേറ്റര് വിട്ടത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില് നിന്നും ലഭിക്കുന്നത്. ഒരുപക്കാ രജിനി ഷോയെന്നായിരുന്നു എല്ലാവരും ചിത്രത്തെ വിശേഷിപ്പിച്ചത്. ഇതോടെ മോഹന്ലാലിന്റെ ചിത്രത്തിലെ സ്പേസ് കുറഞ്ഞു പോയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് സീനുകളിലായി ഒരു മിനിട്ട് മാത്രമാണ് താരത്തിന് ചിത്രത്തില് സ്ക്രീന് സ്പേസ് ഉള്ളത്.
താരത്തിന് ചിത്രത്തില് അഞ്ച് ലുക്കുണ്ടായിരുന്നുവെന്നും എന്നാല് എഡിറ്റിങ്ങില് ഇത് വെട്ടിക്കുറക്കുകയായിരുന്നുവെന്നും മോഹന്ലാലിന്റെ കോസ്റ്റിയൂം ഡിസൈനര് ജിഷാദ് ഷംസുദ്ദീന് ഇന്സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. മോഹന്ലാലിനെ പോലെ ഒരു താരത്തിന്റെ സീനുകള് വെട്ടിമാറ്റിയത് അനാവശ്യമാണെന്നും ജയിലറിന് മൂന്നാം ഭാഗമുണ്ടെങ്കില് അതിന്റെ ഭാഗമാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സിനിമാ പേജുകളില് ചിത്രവുമായി ബന്ധപ്പെട്ട ചര്ച്ചകള് ഉയരുന്നത്. കേരളത്തിലും പുറത്തും വലിയ ഫാന് ബേസുള്ള മാത്യു എന്ന കഥാപാത്രത്തിന്റെ ഭാഗങ്ങള് എന്തിനായിരിക്കും നെല്സണ് വെട്ടിക്കുറച്ചതെന്നാണ് പലരും അന്വേഷിക്കുന്നത്. തന്നെക്കാള് മോഹന്ലാല് മുന്നിട്ട് നില്ക്കും എന്ന ഭയം കൊണ്ട് രജിനി തന്നെയാണോ ചിത്രത്തിലെ മാത്യുവിന്റെ ഭാഗങ്ങള് വെട്ടിക്കുറച്ചതെന്നാണ് താരത്തിന്റെ ആരാധകരുടെ പ്രധാന ചോദ്യം. ആദ്യഭാഗത്തിന്റെ വിജയം മുതല് തന്നെ മാത്യുവിന് സിനിമാലോകത്ത് വലിയ ഫാന്ബേസുണ്ടായിരുന്നു.
Photo: Instagram.com
മാത്രമല്ല ഓക്കേല ഓക്കേലാ എന്ന ഗാനത്തിന്റെ അകമ്പടിയില് താരത്തിന്റെ എന്ട്രിയുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ചിത്രത്തിന്റെ ട്രെയ്ലറില് കാണിച്ചിരിക്കുന്ന താരത്തിന്റെ ലുക്ക് ഉള്പ്പെടുന്ന സീനും ജയിലര് 2വില് ഇല്ല എന്നത് ആരാധകരെ നിരാശരാക്കുന്നു. മോഹന്ലാലിനെ പോലെ ഇന്ത്യയിലെ സീനിയര് അഭിനേതാവിന്റെ ഭാഗങ്ങള് വെട്ടിക്കുറച്ചതില് ലാല് ആരാധകര് മാത്രമല്ല മലയാള സിനിമാ പ്രേക്ഷകരും സന്തോഷത്തിലല്ല.
Content Highlight: Discussion about Mohanlal’s less screen time in Jailer 2