| Sunday, 1st February 2026, 10:18 pm

പ്രഭേന്ദുവിന്റെ ചേട്ടന്‍ മുതല്‍ രൂപേഷ് വരെ, മായയുടെ കാമുകനെക്കുറിച്ച് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഈയടുത്തുവന്നതില്‍ മനസ് നിറച്ച ചിത്രമായിട്ടാണ് പലരും സര്‍വ്വം മായയെ വിശേഷിപ്പിക്കുന്നത്. അഖില്‍ സത്യന്‍ അണിയിച്ചൊരുക്കിയ സര്‍വ്വം മായ ഫീല്‍ ഗുഡ് ഹൊറര്‍ ഴോണറിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഏറെക്കാലത്തിന് ശേഷം ബോക്‌സ് ഓഫീസിലേക്കുള്ള നിവിന്റെ തിരിച്ചുവരവായി സര്‍വ്വം മായ മാറിയിരിക്കുകയാണ്. തിയേറ്റര്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് മികച്ച വരവേല്പണ് ലഭിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള പല പോസ്റ്റുകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സംവിധായകന്‍ ഒളിപ്പിച്ചുവെച്ച ബ്രില്യന്‍സുകളും ഓരോ കഥാപാത്രത്തിന്റെയും പ്രത്യേകതകളുമെല്ലാം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ നിരവധിയാണ്. ചിത്രത്തെക്കുറിച്ച് പലര്‍ക്കുമുള്ള സംശയമാണ് മായയുടെ യഥാര്‍ത്ഥ കാമുകന്‍ ആരാണെന്നത്.

സര്‍വ്വം മായ Photo: Nivin Pauly/ Facebook

സിനിമയില്‍ ഒരിടത്തുപോലും ഈ കഥാപാത്രത്തെ കാണിക്കുന്നില്ല. തന്റെ കാമുകന്റെ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മറ്റൊരു വണ്ടി വന്ന് ഇടിച്ചിട്ടാണ് മായ മരിക്കുന്നത്. ബാംഗ്ലൂരിലുള്ള, ഹിന്ദുവായ, തന്നെക്കാള്‍ പ്രായക്കൂടുതലുള്ള, താടിയുള്ള ഒരാളെയാണ് മായ പ്രണയിക്കുന്നതെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്.

ഒ.ടി.ടി റിലീസിന് ശേഷം പലരും മായയുടെ അജ്ഞാതനായ കാമുകന്‍ ആരാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. പലരും പല തിയറികളും ഇക്കാര്യത്തില്‍ നിര്‍മിക്കുന്നുണ്ട്. പ്രഭേന്ദു തന്നെയാണ് മായയുടെ കാമുകനെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വീട്ടുകാരോട് പിണങ്ങിയിട്ട് പ്രഭ നേരെ പോയത് ബാംഗ്ലൂരിലേക്കാണെന്നും അവിടെവെച്ച് മായയുമായി സൗഹൃദത്തിലായെന്നും ചില പോസ്റ്റുകള്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യങ്ങളെല്ലാം പ്രഭേന്ദു മറന്നെന്നും പോസ്റ്റിലുണ്ട്.

മധു വാര്യര്‍ Photo: Jio Hotstar

ഇതിനെക്കാള്‍ രസകരമായ മറ്റ് ചില തിയറികളുമുണ്ട്. പ്രഭേന്ദുവിന്റെ ചേട്ടന്‍ ദീപാങ്കുരനാണ് മായയുടെ കാമുകനെന്നാണ് മറ്റൊരു പോസ്റ്റ്. ബാംഗ്ലൂരില്‍ പൂജാ കാര്യങ്ങള്‍ക്ക് വേണ്ടി പോയപ്പോള്‍ മായയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അന്യ മതത്തിലെ കുട്ടിയായതുകൊണ്ട് സമ്മതിച്ചില്ലെന്നും അച്ഛന്‍ നടത്തിയ ശത്രുസംഹാര ഹോമം കാരണമാണ് മായക്ക് ആക്‌സിഡന്റായതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

അച്ഛനോട് പ്രതികാരം ചെയ്യാനാണ് ഡെലൂലു പ്രഭയോടൊപ്പം കൂടുന്നതെന്നും റീല്‍സുകള്‍ കണ്ട് പ്രതികാരത്തിന്റെ കാര്യം മറന്നുപോയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അജു വര്‍ഗീസ് Photo: Jio Hotstar

പ്രഭേന്ദുവിന്റെ കസിനും സുഹൃത്തുമായ രൂപേഷാകും മായയുടെ കാമുകനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കല്യാണം കഴിക്കാതെ ഒറ്റക്ക് ജീവിക്കുന്ന വല്യച്ഛനും ചിലര്‍ സാധ്യത കല്പിക്കുന്നു. സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സിന്റെ സാധ്യതയും ചിലര്‍ തുറന്നിടുന്നുണ്ട്. ഹൃദയപൂര്‍വത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സന്ദീപിനെയും ചിലര്‍ കാമുകനായി കണക്കുകൂട്ടുന്നുണ്ട്. സംവിധായകന്‍ പോലും ചിന്തിക്കാത്ത ഇത്തരം വൈല്‍ഡ് തിയറികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

Content Highlight: Discussion about Delulu’s lover in Sarvam Maya movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more