| Friday, 16th January 2026, 11:08 am

കൂടെയില്‍ അജ്ഞലി മേനോന്‍ തോറ്റിടത്ത് സർവ്വം മായയില്‍ അഖില്‍ സത്യന്‍ വിജയിച്ചതെങ്ങിനെ?

നന്ദന എം.സി

കഴിഞ്ഞ വർഷം വലിയ വിജയമായി മാറിയ സിനിമകളിലൊന്നാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘സർവ്വം മായ’. നിവിന്റെ കംബാക്ക് ആയാണ് ആരാധകർ ഈ സിനിമയെ വിലയിരുത്തുന്നത്. ഹൊറർ–കോമഡി ഴോണറിൽ എത്തിയ ചിത്രം, പതിവ് പേടിപ്പിക്കുന്ന യക്ഷിക്കഥകളിൽ നിന്ന് മാറി ഒരു ഫീൽഗുഡ് ഹൊറർ അനുഭവം ആയിരുന്നു നൽകിയത്.

സര്‍വം മായ, YouTube/ Screengrab

സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചു, പ്രത്യേകിച്ച് ക്യൂട്ട് യക്ഷിയായ ഡെലൂലു ഏറെ ശ്രദ്ധ നേടി.
ജീവിക്കാൻ ബാക്കിയുണ്ടായിരുന്ന ആഗ്രഹങ്ങളുമായി, മരണം ഏറ്റുവാങ്ങേണ്ടി വന്ന ഒരു യക്ഷിയാണ് ഡെലൂലു. പേടിപെടുത്തുന്നതിന് പകരം സ്നേഹവും സഹാനുഭൂതിയും തോന്നിക്കുന്ന കഥാപാത്രം. അത്തരം ഒരു യക്ഷിയെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ അഖിൽ സത്യന് സാധിച്ചു.

ഇവിടെയാണ് സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം ഉയരുന്നത്, ഇതേ കഥാസങ്കേതം ഉണ്ടായിട്ടും അഞ്ജലി മേനോന്റെ ‘കൂടെ’ എന്തുകൊണ്ട് വിജയിച്ചില്ല?

അഞ്ജലി മേനോൻ, Photo: Anjali Menon/ Facebook

‘കൂടെ’ എന്നും കൂടെയുണ്ടാകേണ്ട ബന്ധങ്ങളുടെ കഥയാണ്. ജീവിതത്തിന്റെ തിരക്കിൽ നമ്മൾ മറന്നു പോകുന്ന ബന്ധങ്ങളെ കുറിച്ചുള്ള സിനിമ. ചേട്ടനും അനിയത്തിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ജീവിച്ചിരിക്കെ തീരാതെ പോയ ആഗ്രഹങ്ങളുമായി മരിച്ചവർ ജീവനുള്ളവർക്കൊപ്പം സഞ്ചരിക്കുന്നതാണ് ‘കൂടെ’യിലും സർവ്വം മായ’യിലും ഉള്ള പൊതു ആശയം.

കൂടെ, Photo: IMDb

എന്നാൽ രണ്ട് സിനിമയുടെയും സമീപനത്തിലാണ് വ്യത്യാസമെന്ന് പ്രേക്ഷകർ പറയുന്നു. അഞ്ജലി മേനോൻ കഥയെ വികാരപരവും ദാർശനികവുമായ രീതിയിൽ പറഞ്ഞു. മറുവശത്ത്, അഖിൽ സത്യൻ കഥയെ കൂടുതൽ വിനോദപരമായി, പ്രേക്ഷകരെ ചിരിപ്പിച്ചും എന്റർടൈൻ ചെയ്തുമാണ് അവതരിപ്പിച്ചത്. തിയേറ്ററിലെ ചിരിയും കൈയ്യടിയും സർവ്വം മായ’യ്ക്ക് വലിയ നേട്ടമായി.

അതേസമയം, ‘കൂടെ’ ഒരു മോശം സിനിമയല്ലെന്നും, എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്നും പറയുന്നവരും ഉണ്ട്. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ അഞ്ജലി മേനോൻ ഇതൊരു മാസ് എന്റർടൈനർ അല്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ, കൂടെ’യും ‘സർവ്വം മായ’യും രണ്ട് തരത്തിലുള്ള ആസ്വാദനം നൽകുന്ന സിനിമകളാണെന്നാണ് പൊതുവായ അഭിപ്രായം.

അഞ്ജലി മേനോനും അഖിൽ സത്യനും രണ്ട് വ്യത്യസ്ത വഴികളിലൂടെ ഒരേ ആശയം പറഞ്ഞ സംവിധായകരാണ്. ഒരാൾ വിനോദത്തെ മുൻനിർത്തി വിജയിച്ചപ്പോൾ, മറ്റൊരാൾ വികാരത്തിന് പ്രാധാന്യം നൽകിയ സിനിമയുമായി മുന്നോട്ട് പോയി. രണ്ടും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന സിനിമയായിരുന്നെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Content Highlight: Discussing the difference between Koode Cinema and Sarvam Maya Cinema

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more