സില്‍വര്‍ സ്പ്രിങ് (മേരിലാന്റ്): ഡിസ്കവറി ചാനല്‍ ഓഫിസില്‍ മൂന്നുപേരെ ബന്ദികളാക്കിയ പരിസ്ഥിതി പ്രവര്‍ത്തകനെ പോലിസ് വെടിവച്ച് കൊന്നു.
പരിസ്ഥിതി പ്രവര്‍ത്തകനും ഏഷ്യന്‍വംശജനുമായ ജെയിംസ് ലീയാണ് ഡിസ്കവറി ചാനലിന്റെ ഓഫിസില്‍ മൂന്ന് ജീവനക്കാരെ ബന്ദികളാക്കിയത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ഇയാള്‍ ഡിസ്കവറി ചാനലിന്റെ മേരിലാന്റിലെ ആസ്ഥാന ഓഫിസില്‍ കയറി വന്നത്. നാലുമണിക്കൂര്‍ നീണ്ട അനുനയചര്ച്ചകള്ക്കു ശേഷം ബന്ദികളുടെ ജീവന് അപകടത്തിലാണെന്ന വിവരത്തെത്തുടര്‍ന്ന് അക്രമിയെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസ് ചീഫ് ജെ തോമസ് മാന്‍ജെര്‍ പറഞ്ഞു. ബന്ദികളെല്ലാം സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു.
ഡിസ്കവറി ചാനലിനെതിരേ സ്ഥിരം പ്രതിഷേധം നടത്തുന്ന ആളാണ് ജെയിംസ് ലീ. ഡിസ്കവറി ചാനല്‍ നടത്തുന്ന സേവ് ദ പ്ലാനെറ്റ് ക്യാപയ്ന്‍ പ്രകൃതിക്ക് ഉപകാരത്തിനുപകരം കൂടുതല്‍ ഉപദ്രവമുണ്ടക്കുന്നുവെന്നാരോപിച്ച് 2008ല്‍ സേവ് ദ പ്ലാനെറ്റ് പ്രൊട്ടസ്റ്റ് ഡോട്ട് കോം എന്ന വെബ്സൈറ്റ് സ്ഥാപിച്ച് നിരന്തരം ക്യാംപയിന് നടത്തിയതിന് ലീയെ 2008 മാര്‍ച്ചില്‍ ആറുമാസം നല്ലനടപ്പിന് കോടതി ശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാള്‍ ചാനലിന്റെ ഓഫിസിലെത്തിയത്. തോക്കുയര്‍ത്തി ദേഹത്തുകെട്ടിവെച്ച സ്ഫോടകവസ്തുക്കള്‍ കാണിച്ചാണ് ഇയാള്‍ മൂന്നുപേരെ ബന്ദിയാക്കിയത്. ബന്ദികളുടെ നേരെ തോക്കുചൂണ്ടി ഇയാള്‍ നിന്നത് രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്കരമാക്കിയിരുന്നതായും പോലിസ് ചീഫ് ജെ. തോമസ് മാന്‍ജെര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.