| Monday, 5th October 2026, 10:02 pm

കാത്തിരിക്കാന്‍ മലയാളത്തില്‍ നിന്നും മറ്റൊരു ചിത്രം കൂടി; പ്രതീക്ഷയേകി ഡിസ്‌കോ ട്രെയ്‌ലര്‍

അശ്വിന്‍ രാജേന്ദ്രന്‍

മറ്റ് ഫിലിം ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് പരീക്ഷണ ചിത്രങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. താരമൂല്യം നോക്കാതെ സിനിമയുടെ ക്വാളിറ്റിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മലയാളത്തില്‍ ഇത്തരം വലിയ വിജയങ്ങള്‍ നേടിയ ചിത്രങ്ങളും ഒട്ടനവധിയാണ്. അര്‍ഹിക്കുന്ന വിജയം നേടാതെ പോയി പിന്നീട് വാഴ്ത്തപ്പെട്ട ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ സിനിമാ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഡിസ്‌കോ.

ഡിസ്‌കോ. Photo: Chembosky Motion Pictures

അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ഡിസ്‌കോ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സ്റ്റൈലിഷ് മേക്കിങ്ങും ആക്ഷനും സ്വാഗുമാണ് ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ താരവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചെമ്പന്റെ വോയിസ് ഓവറിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ടീസര്‍ സെക്കന്‍ഡുകള്‍ക്കകം ആക്ഷന്‍ രംഗങ്ങളാല്‍ കത്തിക്കയറുന്ന വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ലുക്ക്മാന്‍ അവറാന്‍, ആന്റണി വര്‍ഗീസ് പെപെ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, ദേവ്, ഗായത്രി സുരേഷ്, മീര വാസുദേവ്, കല്യാണി അനില്‍ തുടങ്ങി വപ്രന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്.

ഡിസ്‌കോ. Photo: Chembosky Motion Pictures

ഉല്ലാസ് ചെമ്പന്റെ അഞ്ചക്കള്ളകോക്കാന്‍ വെസ്റ്റേണ്‍ ട്രീറ്റ്മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍ നിര്‍ത്തി കൊണ്ട് അവതരിപ്പിച്ച ചിത്രമായിരുന്നു. ലുക്മാനും ചെമ്പന്‍ വിനോദും അഞ്ചക്കള്ളകോക്കാനിലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്ച്ചേഴ്സിന്റ ബൊനറില്‍ ചെമ്പന്‍ വിനോദ് തന്നെയായിരുന്നു സിനിമ നിര്‍മിച്ചത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഡിസ്‌കോ ഒരുക്കിയതെന്ന സൂചന ടീസര്‍ നല്‍കുന്നു.

Content Highlight: Disco trailer goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more