വലിയ താരനിരയുണ്ടായിട്ടും ഒരു സിനിമയ്ക്ക് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനാകണമെന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ‘ഡിസ്കോ’. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ദേവ് മോഹൻ, ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് തുടങ്ങി മലയാളത്തിലെ ശ്രദ്ധേയരായ അഞ്ച് താരങ്ങൾ അണിനിരന്നിട്ടും ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാൻ ചിത്രത്തിന് സാധിച്ചില്ല. മികച്ച പ്രതികരണം നേടാനാകാതെ പോയതോടെ കളക്ഷനിലും ചിത്രത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നില്ല.
നവംബർ ആറിനാണ് ‘ഡിസ്കോ’ തിയേറ്ററുകളിലെത്തിയത്. ആക്ഷനും ഗ്യാങ്സ്റ്റർ പശ്ചാത്തലവും നിറഞ്ഞ ചിത്രത്തിൽ നിരവധി കഥാപാത്രങ്ങളും സംഘർഷങ്ങളുമാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ അവതരണവും വലിയ താരനിരയും ചിത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാൽ ചിത്രം കണ്ടിറങ്ങിയവരിൽ ഭൂരിഭാഗം പേരുടെയും പ്രതികരണം നിരാശയായിരുന്നു. കഥയുടെ അവതരണത്തിലും തിരക്കഥയിലും വ്യക്തതയില്ലെന്നും കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് വൈകാരികമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമായിരുന്നു പ്രധാന വിമർശനങ്ങൾ.
ഡിസ്കോ. Photo. Screen Grab/ Youtube
ആക്ഷൻ രംഗങ്ങൾക്കും വയലൻസിനും വലിയ പ്രാധാന്യം നൽകിയ ചിത്രത്തിൽ സംഘട്ടനങ്ങളും ഏറ്റുമുട്ടലുകളുമാണ് പ്രധാനമായും മുന്നോട്ടുപോകുന്നത്. എന്നാൽ ആവർത്തിച്ചുവരുന്ന സംഘട്ടനങ്ങളും കഥയിലെ പലരംഗങ്ങളും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ പകുതിയിൽ കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും പരിചയപ്പെടുത്തുന്ന ഭാഗങ്ങൾ നീണ്ടുപോകുന്നതായും രണ്ടാം പകുതിയിൽ ആക്ഷൻ രംഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും വിമർശനമുയർന്നു. സാങ്കേതിക മികവും താരങ്ങളുടെ പ്രകടനവും ചില ആക്ഷൻ രംഗങ്ങളും ശ്രദ്ധ നേടിയെങ്കിലും അവയ്ക്ക് സിനിമയെ പൂർണമായി പിന്തുണയ്ക്കാനായില്ല.
താരനിരയും വ്യത്യസ്തമായ അവതരണവുമെല്ലാം ചിത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാൽ ആദ്യദിന പ്രദർശനങ്ങൾക്കു പിന്നാലെ പുറത്തുവന്ന പ്രതികരണങ്ങൾ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു. കാര്യമായ പോസിറ്റീവ് അഭിപ്രായങ്ങൾ ലഭിക്കാതെ പോയ ചിത്രത്തെ പലരും നിരാശപ്പെടുത്തുന്ന അനുഭവമെന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിലും ചിത്രത്തിനെതിരെ വിമർശനങ്ങളും ട്രോളുകളും സജീവമായിരുന്നു.
ബോക്സ് ഓഫീസിലും ഇതിന്റെ പ്രകടനം കാണാൻ സാധിക്കും. നവംബർ എട്ടിന് ഇന്നലെ ഏകദേശം 22 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയതെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതോടെ ആദ്യ മൂന്ന് ദിവസത്തെ ആകെ കളക്ഷൻ ഒരു കോടി രൂപയോട് അടുത്ത് മാത്രമാണ്. വലിയ താരങ്ങൾ അണിനിരന്നിട്ടും പ്രേക്ഷകരുടെ പിന്തുണ നേടാൻ കഴിയാത്തത് ചിത്രത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഡിസ്കോ. Photo. IMDb
ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ദേവ് മോഹൻ, ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങൾ ഒരുമിച്ചെത്തിയിട്ടും ‘ഡിസ്കോ’യ്ക്ക് തിയേറ്ററുകളിൽ ചലനമുണ്ടാക്കാനായില്ല. താരനിരയുടെ വലിപ്പം മാത്രം സിനിമയുടെ വിജയത്തിന് ഉറപ്പാകില്ലെന്നതും മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കാത്തപ്പോൾ ബോക്സ് ഓഫീസിൽ അതിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്നതും ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് ‘ഡിസ്കോ’യുടെ ആദ്യദിനങ്ങളിലെ പ്രകടനം.
Content Highlight: ‘Disco Movie’ fails to deliver a strong performance despite having a star-studded cast