| Friday, 16th May 2025, 2:36 pm

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി. സുധാകരനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുന്‍ മന്ത്രി ജി. സുധാകരന്റെ പരാമര്‍ശത്തില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം, വ്യാജ പ്രമാണം ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 135, 135 A, 136, 128 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 135 തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ബാലറ്റ് തിരുത്തിയെന്ന് തെളിഞ്ഞാല്‍ സെക്ഷന്‍ 136 പ്രകാരം രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം.  സെക്ഷന്‍ 128 ബാലറ്റിന്റെ രഹസ്യാന്മക സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്‌. ഇത് ലംഘിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ മൂന്ന് മാസം വരെ തടവും ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ജില്ല കലക്ടറുടേയും നിര്‍ദേശത്തിലാണ് കേസെടുത്തത്.

ഈ കേസിലെ നിര്‍ണായക തെളിവ് സുധാകന്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയെന്ന് അവകാശപ്പെടുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമാണ്.

സംഭവം വിവാദമായതോടെ തപാല്‍ വോട്ട് തിരുത്തിയെന്നത് ലേശം ഭാവന കലര്‍ത്തി പറഞ്ഞതാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ജി. സുധാകരന്‍ തന്നെ പറഞ്ഞെങ്കിലും ഇത് പരിഗണിക്കാതെ കേസെടുക്കുകയായിരുന്നു.

20 വര്‍ഷം എം.എല്‍.എ ആയിരുന്ന താന്‍ ഒരിക്കല്‍ പോലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ജി. സുധാകരന്‍ പറയുകയുണ്ടായി. ഒരു ബാലറ്റും ആരും തിരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇപ്പോള്‍ വോട്ട് മാറ്റി ചെയ്യുന്നവരെ ഒന്ന് ഭയപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ അത്തരത്തില്‍ സംസാരിച്ചതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി. സുധാകരന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവേയായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം. ഇനി കേസെടുത്താലും കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജി. സുധാകരന്‍ സംസാരിച്ചത്.

1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. എന്‍.ജി.ഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് തപാല്‍ വോട്ട് ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നവരുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.

കെ.എസ്.ടി.എ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍, ജില്ലാകമ്മിറ്റി ഓഫീസില്‍വെച്ച് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് പരിശോധിച്ച ശേഷം തങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി. സുധാകരന്റെ വെളിപ്പെടുത്തല്‍.

15 ശതമാനം ആളുകളും വോട്ടുചെയ്തത് എതിര്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നുവെന്നും ആ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിന് ദേവദാസ് തോറ്റുവെന്നും അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

യൂണിയനിലെ ഭൂരിഭാഗം ആളുകള്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും ഇക്കാരണത്താലാണ് പോസ്റ്റല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ സുധാകരന്റെ പരാമര്‍ശം വിവാദമായതോടെ അതില്‍ കഴമ്പില്ലെന്ന് സി.പി.ഐ.എം നേതാക്കളും അന്നത്തെ സ്ഥാനാര്‍ത്ഥിയും പ്രതികരിച്ചിരുന്നു.

Content Highlight: Disclosure that postal votes were tampered with; Case filed against G. Sudhakaran

We use cookies to give you the best possible experience. Learn more