| Monday, 27th January 2025, 9:33 am

വിവാഹത്തിന് സമ്മതം നല്‍കാത്തത് ആത്മഹത്യാ പ്രേരണാക്കുറ്റമാകില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹത്തിന് സമ്മതം നല്‍കാത്തത് ആത്മഹത്യാപ്രേരണാക്കുറ്റമാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 306 പ്രകാരം വിവാഹത്തിന് താത്പര്യമില്ലെന്ന് പറയുന്നത് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കാരണമായി കണക്കാക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

മകനുമായി പ്രണയത്തിലായ യുവതി ആത്മഹത്യ ചെയ്തതിന് മകന്റെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് ചൂണ്ടിക്കാട്ടി യുവാവിന്റെ അമ്മയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഐ.പി.സി 306ാം വകുപ്പ് പ്രകാരം യുവാവിന്റെ പേരിലുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, സതീശ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതായിരുന്നു വിധി.

‘ ഇത്തരം ആരോപണങ്ങള്‍ വളരെ ഇടുങ്ങിയതാണ്. ഐ.പി.സി സെക്ഷന്‍ 306 പ്രകാരമുള്ള കുറ്റം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയല്ലാതെ മരണപ്പെട്ട ആള്‍ക്ക് ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് പറയാന്‍ സാധിക്കില്ല,’ കോടതി വിധിയില്‍ വ്യക്തമാക്കി.

കുറ്റപത്രവും സാക്ഷി മൊഴികളും ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും ശരിയാണെങ്കിലും, ഈ കേസില്‍ യുവാവിനെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞു.

പരാതിക്കാരിയുടെ മകനും അവരുമായി ബന്ധമുണ്ടായിരുന്ന യുവതിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിവാഹത്തെ എതിര്‍ത്തതിനും മരിച്ചയാള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.

സുഹൃത്തിനെ വിവാഹം കഴിക്കാതെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ മരിച്ചു കൊള്ളാന്‍ പറയുന്നതിന് ആത്മഹത്യ പ്രേരണാക്കുറ്റമാകില്ലെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. യുവാവിനേക്കാള്‍ യുവതിയുടെ കുടുംബമാണ് ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: disapproving marriage not a crime of abetment of suicide says Supreme Court

We use cookies to give you the best possible experience. Learn more