| Friday, 14th November 2025, 3:10 pm

തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരി രക്ഷപ്പെടാന്‍ ഇന്ത്യാസഖ്യം തുനിയരുത്: യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി ഭാരത് ജോഡോ അഭിയാന്‍ ദേശീയ കണ്‍വീനറും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്.

എന്‍.ഡി.എ സഖ്യം വലിയ ഭൂരിപക്ഷം നേടുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ അതില്‍ അത്ഭുതമില്ലെന്നും യോഗേന്ദ്രയാദവ് പറഞ്ഞു. എന്‍.ഡി.എക്ക് തുടക്കം മുതലേ മുന്‍തൂക്കം ഉണ്ടായിരുന്നുവെന്നും ‘ദി വയറി’ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍.ഡി.എയില്‍ കക്ഷികളുടെ എണ്ണം വലുതാണ്. അതേസമയം മഹാസഖ്യം താരതമ്യേന ചെറുതാണ്. ചിരാഗ് പസ്വാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എല്‍.ജെ.പിയും എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ ആ സഖ്യം കൂടുതല്‍ ശക്തിയാര്‍ജിച്ചു.

അതുപോലെ സാമൂഹികപരമായും ജാതി സമവാക്യത്തിന്റെ കാര്യത്തിലായാലും എന്‍.ഡി.എക്ക് വലിയ വോട്ട്ബാങ്ക് ഉണ്ട്. മഹാസഖ്യം പ്രധാനമായും മുസ്‌ലിം-യാദവ വോട്ടര്‍മാരെയാണ് ആശ്രയിച്ചിരുന്നതെങ്കില്‍, എന്‍.ഡി.എക്ക് അവരുടെ പ്രധാന വോട്ടുബാങ്കിന് പുറമെ ഇ.ബി.സി (Extremely Backward Classes) വോട്ടുകളുടെ 20-22% വരെ പിന്തുണയുമുണ്ടായിരുന്നു.

അതുപോലെ വനിതാ വോട്ടര്‍മാരുടെ പിന്തുണ എടുത്തുപറയേണ്ടതാണ്. കുടുംബത്തിന്റെയോ ജാതിയുടെയോ ചിന്തകള്‍ക്കപ്പുറം ബീഹാറിലെ വനിതാ വോട്ടര്‍മാര്‍ എന്‍.ഡി.എയുടെ പക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടു. മുഖ്യമന്ത്രി മഹിള റോസ്ഗാര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത 10,000 രൂപയുടെ സഹായം ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 10,000 എന്നത് ബീഹാറിനെ സംബന്ധിച്ചിടത്തോളം ചെറിയ തുകയല്ല’ യോഗേന്ദ്ര യാദവ് പറഞ്ഞു.

എസ്.ഐ.ആറിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇതെന്നത് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതിലുള്ള പങ്കിനെ കുറച്ചുകാണാന്‍ കഴിയില്ലെന്നായിരുന്നു യോഗേന്ദ്രയാദവ് പറഞ്ഞത്.

എങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിന്റെ മുഴുവന്‍ ക്രഡിറ്റും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നത് രാഷ്ട്രീയപരമായ തെറ്റായിരിക്കും എന്നും പ്രതിപക്ഷം അതിലേക്ക് തിരിയരുതെന്നും യോഗേന്ദ്ര യാദവ് മുന്നറിയിപ്പ് നല്‍കി.

അതിന് പകരം, യാദവ-മുസ്‌ലിം സഖ്യത്തിനപ്പുറം തങ്ങളുടെ സാമൂഹിക അടിത്തറ വികസിപ്പിക്കാന്‍ മഹാസഖ്യത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍.ഡി.എയുമായുള്ള തുടര്‍ച്ചയായ ബന്ധം ജെ.ഡി.യുവിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ തെരഞ്ഞെടുപ്പിലെ ജെ.ഡി.യുവിന്റെ പ്രകടനം മികച്ചതാകുമ്പോഴും നിതീഷ് കുമാറിന് ഇത്തവണ ഒറ്റയടിക്ക് ഭരണം ഏറ്റെടുക്കാനാവില്ല.

ജെ.ഡി.യുവിന്റെ പതിയെയുള്ള തകര്‍ച്ച ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതരായാലും അതിലും ശക്തനായ ഒരു ഉപമുഖ്യമന്ത്രിയെ അവര്‍ നിയമിക്കും. ജെ.ഡി.യു നേതാക്കള്‍ സാവധാനത്തിലാണെങ്കിലും ബി.ജെ.പിയുടെ ഭാഗമാകാനുമുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല,’ യോഗേന്ദ്രയാദവ് പറഞ്ഞു.

Content Highlight: Disappointed But Not Surprised, NDA Had the Advantage: Yogendra Yadav on Bihar Results

We use cookies to give you the best possible experience. Learn more