പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ആദ്യ നൂറ് കോടി സിനിമ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. പോക്കിരിരാജ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച വൈശാഖ് സീനിയേഴ്‌സ്, മല്ലു സിങ്, സൗണ്ട് തോമ, ടര്‍ബോ തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയില്‍ സംവിധായകന്റെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മാസ് ആക്ഷന്‍ ചിത്രമാണ് ഖലീഫ.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഓണം റിലീസായി ആഗസ്റ്റ് 20നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിമും നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റും കടുത്ത മത്സരവുമായി രംഗത്തെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയായിരുന്നു.
ഖലീഫ. Photo: X.com
ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടി കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ച് നടന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ചിത്രത്തെ കുറിച്ചും നിര്‍മാതാവ് ജിനു എബ്രഹാമിനെ കുറിച്ചും വൈശാഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കരിയറില്‍ ഏറ്റവും സമാധാനത്തോടെ പൂര്‍ത്തിയാക്കിയ ചിത്രമാണ് ഖലീഫ എന്ന് പറയുകയാണ് സംവിധായകന്‍.
‘ഞാന്‍ എന്താണ് പറയേണ്ടത് എങ്ങനെയാണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഇന്‍ഡിപെന്‍ഡന്റ് ആയി സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട് പത്ത് പതിനേഴ് വര്‍ഷമായി. ഇത്രയും സ്‌ട്രെസ് ഫ്രീ ആയിട്ട് ടെന്‍ഷനില്ലാതെ വളരെയധികം ആസ്വദിച്ച് ഒരു സിനിമ ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ല. ഇത്രയും മികച്ച ഒരു ടീമിനെ സമ്മാനിച്ചതിന് ജിനുവിന് ഒരുപാട് നന്ദി.
ഖലീഫ. Photo: X.com
അടിപൊളിയായിരുന്നു, അത്രയും ഗംഭീര ഫിലിമായിരുന്നു. ഞാന്‍ ആഗ്രഹിച്ചതിനെക്കാളും പെര്‍ഫെക്ഷനോടെ ചിത്രം ചെയ്യാന്‍ പറ്റി. എനിക്ക് നൂറുശതമാനം ഉറപ്പോടെ ഇപ്പോള്‍ പറയാന്‍ പറ്റും, കുറച്ച് വര്‍ഷം കഴിയുമ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നിര്‍മാതാക്കളുടെ കൂട്ടത്തില്‍ ജിനു വി എബ്രഹാമുണ്ടാകുമെന്ന്,’ വൈശാഖ് പറഞ്ഞു.
Content Highlight: Director Vyshakh talks about his new movie Khalifa and its producer