| Friday, 24th April 2026, 1:38 pm

'പഠിച്ചവര്‍ മണ്ടന്മാരാണെന്ന് വരരുത്...!'വാഴയുടെ ക്ലൈമാക്‌സില്‍ ആ വാഴത്തോട്ടം ഫ്‌ളോപ്പാക്കിയത് അതുകൊണ്ട്: വിപിന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ താരങ്ങളില്ലാതെയും ബോക്‌സ് ഓഫീസില്‍ വിസ്മയങ്ങള്‍ തീര്‍ക്കാമെന്ന് തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തെളിയിക്കുകയാണ് വിപിന്‍ ദാസ്. ‘വാഴ’യുടെ ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍, തിരുത്തിയെഴുതപ്പെടുന്നത് മലയാള സിനിമയുടെ വിജയസമവാക്യം കൂടിയാണ്.

വെറുമൊരു എന്റര്‍ടൈനര്‍ എന്നതിലുപരി, ഓരോ സിനിമയ്ക്കും പിന്നിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹിക കാഴ്ചപ്പാടും തന്നെയാണ് സംവിധായകന്‍ എന്ന നിലയില്‍ വിപിന്‍ ദാസിനെ വ്യത്യസ്തനാക്കുന്നത്.

‘വാഴ’യുടെ ക്ലൈമാക്‌സില്‍ ആ വാഴത്തോട്ടം പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വിപിന്‍ നല്‍കുന്ന മറുപടിയും അതിന് ഉദാഹരണമാണ്.

ബാക്ക് ഞ്ചെഞ്ചേഴ്‌സിന്റേയും അലസന്‍മാരുടേയും കഥ പറഞ്ഞ വാഴ 1 നെ കുറിച്ചും എന്തുകൊണ്ട് ആ സിനിമയ്ക്ക് അത്തരമൊരു ക്ലൈമാക്‌സ് കൊടുത്തെന്നും പറയുകയാണ് വിപിന്‍ ദാസ്. ഒപ്പം വാഴ 3യുടെ പ്രതീക്ഷകളും അദ്ദേഹം ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

വാഴ 1 ല്‍ നിന്നുള്ള രംഗം Photo: Screengrab/Think Music India

‘ബോയ്‌സിന്റെ എല്ലാ കഥയും ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയും ബോയ്‌സിനെ കുറിച്ച് പറയുമ്പോള്‍ അത് അവരെ ഗ്ലോറിഫൈ ചെയ്യുന്നതുപോലെയാകും. ബാക്ക് ബെഞ്ചേഴ്‌സിനേയും മിഡില്‍ ബെഞ്ചേഴ്‌സിനേയും ജോലി ഇല്ലാത്തവരേയും അലസന്മാരേയുമൊക്കെ ഗ്ലോറിഫൈ ചെയ്യുന്നതുപോലെയാകും.

വാഴ 1 ല്‍ ഒരു പരിധിയില്‍ കൂടുതല്‍ അതുണ്ടാകരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ക്ലൈമാക്‌സില്‍ അവരുടെ വാഴത്തോട്ടം ഇല്ലാണ്ടായിപ്പോകുന്നതായി കാണിച്ചത്. അവര്‍ അവിടെ സക്‌സസ് ആയി വലിയ ആള്‍ക്കാരായതായി കാണിച്ചിരുന്നെങ്കില്‍ പിന്നെ ഈ പഠിച്ചവരൊക്കെ മണ്ടന്‍മാര്‍ എന്ന ഒരു സാധനം വരുമെന്ന് തോന്നി.

അത് കരുതിയിട്ടാണ് തന്നെയാണ് ആ വാഴത്തോട്ടം ഫ്‌ളോപ്പാവുന്നതായി കാണിച്ചത്. നിങ്ങള്‍ക്ക് ആ ക്യാരക്ടേഴ്‌സിനോട് ഒരു സെന്റിമെന്‍സ് ഉള്ളതുകൊണ്ട് ചിലപ്പോള്‍ അത് മോശമായിപ്പോയെന്നും വിഷമമായിപ്പോയെന്നുമൊക്കെ തോന്നും.

വാഴ 1 ല്‍ നിന്നുള്ള രംഗം Photo: Screengrab/Think Music India

പക്ഷേ ഞാന്‍ കാണുന്നത്, കൃത്യമായ പ്ലാനിങ് ഇല്ലാതെ, ബേസിക് എഡ്യുക്കേഷന്‍ ഇല്ലാതെ, ഒരു കാര്യം ചെയ്യുമ്പോഴുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ്. ഇവിടെ വെള്ളം കയറുമെന്ന ഒരു ഐഡിയ അവര്‍ക്ക് ഉണ്ടാകണമായിരുന്നു.

ഒരു സ്റ്റഡി നടത്താതെ ആരോ പറഞ്ഞതുകേട്ട് ചാടിക്കേറി ഒരു വാഴത്തോട്ടം തുടങ്ങി. ആ ബുദ്ധിക്ക് അത്രയേ റിസള്‍ട്ട് ഉണ്ടാവൂ. അതാണ് അവിടെ പ്രൂവ് ചെയ്യാന്‍ നോക്കിയത്.

അത് പക്ഷേ എനിക്ക് പ്രേക്ഷകരെ മനസിലാക്കിക്കൊടുക്കാന്‍ പറ്റിയില്ല എന്നതാണ് എന്റെ വിഷമം. വാഴ 2 വും അലസന്‍മാരുടെ കഥയാണ് നമ്മള്‍ കാണിച്ചത്. അതുകൊണ്ട് ഇനിയത് വേണ്ട. വാഴ 3 യില്‍ അധികം അഡ്രസ് ചെയ്യപ്പെടാത്ത ഒരു ജെന്‍സി, അല്ലെങ്കില്‍ 90 s മുതലുള്ള ഗേള്‍സിന്റെ കഥ പറയണമെന്നാണ് ആഗ്രഹം,’ വിപിന്‍ദാസ് പറയുന്നു.

Content Highlight: Director Vipin Das explains why Vaazha 1 had such a climax

Latest Stories

We use cookies to give you the best possible experience. Learn more