ആദ്യമായി ചെയ്ത സിനിമ തമിഴിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിലൊന്നാക്കിയ സംവിധായകനാണ് വിഘ്‌നേശ് രാജ. 2023ല്‍ പുറത്തിറങ്ങിയ പോര്‍ തൊഴില്‍ ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. രണ്ടാമത്തെ ചിത്രമായ കര റിലീസിന് തയാറെടുക്കുകയാണ്. ധനുഷ് നായകനായെത്തുന്ന ചിത്രം റിവഞ്ച് ആക്ഷന്‍ ത്രില്ലറാണെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചന നല്‍കുന്നുണ്ട്.
വിഘ്‌നേശ് രാജ Photo: Screen grab/ Kumudham
വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. സെല്ലി എന്നാണ് മമിതയുടെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമിത കരയില്‍ പ്രത്യക്ഷപ്പെടുന്നത്. മമിതയുടെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേശ് രാജ.
‘ഡ്യൂഡ്, പ്രേമലു, ജന നായകന്‍ തുടങ്ങിയ സിനിമകളിലൂടെ വലിയൊരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത നടിയാണ് മമിത. എന്നാല്‍ ആ സിനിമകളെ പോലെയല്ല, മമിതയുടെ ഗ്ലാമര്‍ എലമെന്റ് ഒട്ടും ഉപയോഗിക്കാത്ത സിനിമയാണിത്. കഥ പറയുമ്പോള്‍ തന്നെ ഇക്കാര്യം ഞാന്‍ മമിതയോട് പറഞ്ഞിരുന്നു. അവര്‍ അതിന് ഓക്കെ പറഞ്ഞു.
മമിത ബൈജു Photo: Reddit
പ്രേക്ഷകര്‍ ഇതുവരെ കാണാത്ത മമിതയുടെ പുതിയൊരു വേര്‍ഷനാണ് ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. അവരുടെ ഇമോഷണല്‍ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. രാമനാഥപുരത്തെ സാദാ നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയായി അവര്‍ വളരെ വേഗത്തില്‍ മാറിയത് എന്നെ അത്ഭുതപ്പെടുത്തി,’ വിഘ്‌നേശ് രാജ പറഞ്ഞു.
ഇതുവരെ കണ്ടുശീലിച്ച രൂപത്തില്‍ മാറ്റം വരുത്തി പ്രത്യക്ഷപ്പെടാന്‍ മമിത കാണിച്ച ധൈര്യത്തെ താന്‍ അംഗീകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു. മമിതയുടെ മേക്കപ്പിനും പ്രോസ്‌തെറ്റിക്കിനും വേണ്ടി കുറച്ചധികം പ്രയാസപ്പെട്ടെന്നും വിഘ്‌നേശ് രാജ പറഞ്ഞു. വികടന്‍ മാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991ല്‍ ഇറാഖും അമേരിക്കയും തമ്മില്‍ നടന്ന യുദ്ധം തമിഴ്‌നാട്ടിലെ രാമനാഥപുരം എന്ന ഗ്രാമത്തെ ബാധിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴുള്ളതുപോലെ ആ സമയത്തും പെട്രോളിന് ക്ഷാമം നേരിടേണ്ടി വന്നിരുന്നു. ഇതിനിടയില്‍ നടക്കുന്ന ഒരു പ്രതികാര കഥയാണ് കരയില്‍. ധനുഷിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ജയറാം, കരുണാസ്, കെ.എസ്. രവികുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Director Vignesh Raja about Mamitha Baiju’s performance in Kara movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ