| Sunday, 6th July 2025, 4:39 pm

ബോക്‌സ് ഓഫീസിനും നെറ്റ്ഫ്‌ളിക്‌സിനും പണികൊടുത്ത ബാങ്ക് ജീവനക്കാരന്‍ ഭാസ്‌കര്‍ വീണ്ടും വരുന്നു, സൂചന നല്‍കി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ലക്കി ഭാസ്‌കര്‍. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം സിനിമയില്‍ രണ്ടുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന ദുല്‍ഖറിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലക്കി ഭാസ്‌കറിലൂടെ കാണാന്‍ സാധിച്ചത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടിക്ക് മുകളില്‍ സ്വന്തമാക്കി.

തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലെത്തിയ ലക്കി ഭാസ്‌കര്‍ അവിടെയും റെക്കോഡുകള്‍ സൃഷ്ടിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്ട്രീമിങ് അവേഴ്‌സ് നേടിയ തെലുങ്ക് ചിത്രമെന്ന റെക്കോഡിനൊപ്പം ഏറ്റവും കൂടുതല്‍ കാലം ടോപ് 10ല്‍ ഇടം സ്വന്തമാക്കിയ ചിത്രമെന്ന നേട്ടവും ലക്കി ഭാസ്‌കര്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന് സൂചന നല്കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കി അട്‌ലൂരി. താന്‍ ഇതുവരെ ചെയ്ത സിനിമകള്‍ക്കൊന്നും രണ്ടാം ഭാഗം ആവശ്യമില്ലെന്നും എന്നാല്‍ ലക്കി ഭാസ്‌കറിന് ഒരു രണ്ടാം ഭാഗം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗം അര്‍ഹിക്കുന്ന സിനിമയാണ് ലക്കി ഭാസ്‌കറെന്നും വെങ്കി പറയുന്നു. ബിഗ് ടി.വി പ്ലസിനോട് സംസാരിക്കുകയായിരുന്നു വെങ്കി അട്‌ലൂരി.

‘ഇതുവരെ ഞാന്‍ ചെയ്ത സിനിമകളെല്ലാം പെര്‍ഫക്ട് എന്‍ഡിങ്ങായിരുന്നു. ആ സിനിമകള്‍ക്കൊന്നും രണ്ടാം ഭാഗം ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ സൂര്യ സാറുമായി ചെയ്തുകൊണ്ടിരിക്കുന്ന സിനിമയും രണ്ടാം ഭാഗമില്ലാത്തതാണ്. എന്നാല്‍ ലക്കി ഭാസ്‌കര്‍ രണ്ടാം ഭാഗം ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. അത് എന്റെ ആലോചനയിലുണ്ട്.

ലക്കി ഭാസ്‌കറിന്റെ വിജയത്തിന് ശേഷം എന്റെയടുത്തേക്ക് നിരവധി നിര്‍മാതാക്കള്‍ വന്നിരുന്നു. പക്ഷേ, ആ പ്രൊജക്ടെല്ലാം ബയോപിക്കുകളായിരുന്നു. ലക്കി ഭാസ്‌കറിന് ശേഷം ഞാന്‍ ചില തീരുമാനങ്ങളെടുത്തിരുന്നു. അതില്‍ ഒന്നാമത്തേത് ബയോപിക്കുകള്‍ ചെയ്യില്ല എന്നായിരുന്നു. രണ്ടാമത്തേത് പിരീയഡ് സിനിമകള്‍ ചെയ്യില്ല എന്നാണ്. ലക്കി ഭാസ്‌കറുംവാത്തിയും അങ്ങനെയുള്ള സിനിമകളായിരുന്നു.

പ്രേക്ഷകര്‍ക്ക് പുതുമയുള്ള എന്തെങ്കിലും നല്‍കണമെന്നാണ് എന്റെ ആഗ്രഹം. മൂന്നാമത്തേത് ത്രില്ലര്‍ സിനിമകള്‍ ചെയ്യില്ലെന്നാണ്. എന്റെ സിനിമകള്‍ കാണാന്‍ വരുന്നത് കൂടുതലും ഫാമിലി ഓഡിയന്‍സാണ്. അവര്‍ സിനിമ കാണുമ്പോള്‍ സന്തോഷിക്കുക, ചിരിക്കുക, കുറച്ച് കരയുക എന്ന പോളിസിയിലാണ് ഞാന്‍ സിനിമ ചെയ്യുന്നത്,’ വെങ്കി അട്‌ലൂരി പറഞ്ഞു.

Content Highlight: Director Venky Atlury gives a hint that Lucky Baskhar movie will have a sequel

We use cookies to give you the best possible experience. Learn more