| Wednesday, 19th August 2026, 4:01 pm

ചിത്രം 150 കോടി നേടിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ രോമാഞ്ചം വന്നു: വെങ്കി അറ്റ്‌ലൂരി

അശ്വിന്‍ രാജേന്ദ്രന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തെലുങ്കില്‍ ഒരുക്കിയ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വെങ്കി അറ്റ്‌ലൂരി. എന്നാല്‍ അടുത്തിടെ വെങ്കി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിലൂടെയാണ്. ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മികച്ച പ്രതികരണം സ്വന്തമാക്കി വലിയ മുന്നേറ്റമാണ് തിയേറ്ററുകളില്‍ കാഴ്ചവെക്കുന്നത്. നൂറ് കോടിയും പിന്നിട്ട ചിത്രം ഒരാഴ്ച്ച പിന്നിടും മുമ്പ് തന്നെ 128 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തേ പുറത്തിറങ്ങിയ കറുപ്പിന് ലഭിച്ച മികച്ച വിജയത്തിന് പിന്നാലെയാണ് മറ്റൊരു സൂര്യ ചിത്രം തിയേറ്ററുകളില്‍ മുന്നേറ്റം കാഴ്ചവെക്കുന്നത്. 13 വര്‍ഷത്തോളം തിയേറ്ററുകളില്‍ നിന്നും കാര്യമായി വിജയം ഒന്നും നേടാന്‍ സാധിക്കാതിരുന്ന സൂര്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഹിറ്റാണ് വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലൂടെ സാധ്യമായിരിക്കുന്നത്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ്. Photo: Koimoi

വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ ഇവന്റില്‍ സംസാരിക്കവെ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി സൂര്യ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കറുപ്പ് എന്ന ചിത്രത്തിന് ശേഷം മറ്റൊരു മാസ് മസാല ആക്ന്‍ ചിത്രം തെരഞ്ഞെടുക്കാമായിരുന്നിട്ടും വിശ്വനാഥ് പോലെ ഒരു റോം-കോം തെരഞ്ഞെടുത്ത സൂര്യയെ സംവിധായകന്‍ പ്രശംസിച്ചു.

‘കഴിഞ്ഞ ദിവസത്തോടെ ചിത്രം 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു എന്നൊരു വാര്‍ത്ത ഞാന്‍ കണ്ടു. അത് വായിച്ചപ്പോള്‍ എനിക്ക് രോമാഞ്ചം വന്നു. ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് അത്രയും വലിയ തുക നേടാന്‍ സാധിക്കില്ല. പക്ഷേ സൂര്യ എന്ന നടനെ കൊണ്ട് അതിന് സാധിക്കും. അദ്ദേഹത്തിനറിയാം പുതിയ എന്തെങ്കിലും തനിക്ക് ചെയ്യാന്‍ സാധിച്ചാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന്.

കറുപ്പിന് ലഭിച്ച വലിയ വിജയം പോലെ മറ്റൊരു കൊമേഷ്യല്‍ സിനിമ അദ്ദേഹത്തിന് ചെയ്യാമായിരുന്നു. പക്ഷേ സൂര്യ സാറിന് ഒരു ഫാമിലി ചിത്രം ചെയ്യണമായിരുന്നു. അങ്ങനെ ചെയ്തത് കൊണ്ടാണ് പ്രേക്ഷകര്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്,’ വെങ്കി അറ്റ്‌ലൂരി പറഞ്ഞു.

വിശ്വനാഥ് ആന്‍ഡ് സണ്‍സ്. Photo: Koimoi

സൂര്യയ്‌ക്കൊപ്പം ചിത്രത്തില്‍ നായികയായെത്തിയത് മമിത ബൈജുവാണ്. ചിത്രത്തിലെ ഇരുവരുടെയും ഏജ്-ഗ്യാപ് റൊമാന്‍സ് മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിരുന്നു. ഇതോടെ തമിഴിലും തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മമിതയ്ക്ക് തിളങ്ങാന്‍ സാധിച്ചിരിക്കുകയാണ്.

Content Highlight: Director Venky Atluri talks about Actor Suriya

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more