| Friday, 10th October 2025, 4:11 pm

ആര്‍ക്കും കയറി ഇരിക്കാന്‍ കഴിയുന്ന സ്ഥാപനമല്ല സെന്‍സര്‍ ബോര്‍ഡ്; അവസാനം ചെയ്യേണ്ട ഒന്നല്ല സെന്‍സറിങ്ങ്: സംവിധായകന്‍ വീര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ക്കും കയറി ഇരിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമല്ല സെന്‍സര്‍ ബോര്‍ഡെന്ന് സംവിധായകന്‍ വീര. ഇന്നലെയാണ് ഷെയ്ന്‍ നിഗം പ്രധാനവേഷത്തില്‍ എത്തുന്ന ഹാല്‍ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാക്കി സെന്‍സര്‍ ബോര്‍ഡിന്റ വിചിത്ര ഇടപെടലുണ്ടായത്.

രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകള്‍ നീക്കം ചെയ്യാനും കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വീര. ഇതിനെയൊന്നും സെന്‍സര്‍ ബോര്‍ഡെന്ന് പറയാന്‍ കഴിയില്ലെന്നും ആര്‍ക്കും കയറി ഇരിക്കാന്‍ കഴിയുന്ന സ്ഥാപനമല്ല സെന്‍സര്‍ ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപാട് ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിനിമ. അതില്‍ മ്യൂസിക്കുണ്ടാകും, ആര്‍ട്ട് അങ്ങനെ കുറെ കാര്യങ്ങളുണ്ട്. അതിലൊക്കെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരും പ്രഗത്ഭരുമായിട്ടുള്ള ആളുകളെ കൊണ്ടുപോയി ഇരുത്തേണ്ടേ?

എല്ലാ വര്‍ക്കുകളും കഴിഞ്ഞ് നാളെ റിലീസാകുന്ന സിനിമയാണ് ഇവര്‍ സെന്‍സര്‍ ചെയ്യുന്നത്, ഇത് സിനിമ മേഖലയില്‍ നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധിയാണ്. അവസാനം ചെയ്യേണ്ട ഒരു കാര്യമല്ല സെന്‍സറിങ്ങ്. ഇത് ആദ്യമേ ചെയ്യേണ്ട ഒന്നാണ്.

നമ്മള്‍ ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടുത്തെ നിയമാവലിയും മാനദണ്ഡങ്ങളും ഒക്കെ പാലിച്ചാണ് ജീവിക്കേണ്ടത്. ഇന്ത്യയില്‍ അങ്ങനെയൊരു കളറിനോ, ഭക്ഷണത്തിനോ ഒരു വസ്ത്രത്തിനോ ഒരു സമുദായത്തിനോ വിഭാഗത്തിനോ അത് തടസമുണ്ടെങ്കില്‍ കുഴപ്പമില്ല. പക്ഷേ ഒരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് മുമ്പ് സ്‌ക്രിപ്റ്റ് സെന്‍സറിങ്ങ് എന്നൊരു രീതി കൊണ്ടുവരട്ടേ,’ വീര പറഞ്ഞു.

Content highlight: Director Veera on the censorship of the movie Haal

We use cookies to give you the best possible experience. Learn more