2013ല്‍ പ്ലെയേര്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വാസുദേവ് സനല്‍. അശോക് ശശി തിരക്കഥ രചിച്ച ചിത്രത്തില്‍ ജയസൂര്യ, കാവ്യ മാധവന്‍, നിഷാന്ത് സാഗര്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
എന്നാല്‍ ആ സിനിമ പ്രതീക്ഷിച്ച അത്രയും വിജയം നേടിയില്ല. പിന്നീട് 2014ലാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തത്. ഫഹദ് ഫാസില്‍, ഇഷ തെല്‍വാര്‍, മൈഥിലി, ലാല്‍ എന്നിവര്‍ ഒന്നിച്ച സിനിമയായിരുന്നു അത്.
ഫഹദ് ഫാസില്‍ സ്റ്റാര്‍ഡത്തിലേക്ക് നീങ്ങുന്ന സമയത്താണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ ചെയ്യുന്നതെന്ന് പറയുകയാണ് വാസുദേവ് സനല്‍. ഒപ്പം ഭരത് ഗോപിയെ കുറിച്ചും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘ഫഹദ് ഒരു സ്റ്റാര്‍ഡത്തിലേക്ക് നീങ്ങുന്ന സമയത്താണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ ചെയ്യുന്നത്. അന്നത്തെ പുതിയ ജനറേഷനിലെ അഭിനേതാക്കളെല്ലാം മികച്ചവരാണെന്ന് പ്രൂവ് ചെയ്ത സമയമായിരുന്നു അത്.
ഫഹദ് ആണെങ്കില്‍ ഏത് കഥാപാത്രവും ഗംഭീരമായി ചെയ്യാന്‍ സാധിക്കുന്ന അഭിനേതാവായിരുന്നു. വേറെ തന്നെയൊരു ബോഡി ലൈനും വേറെയൊരു റെന്ററിങ്ങുമായിരുന്നു അന്ന് ഫഹദിന് ഉണ്ടായിരുന്നത്.
സിനിമ മാറാന്‍ തുടങ്ങിയ സമയമായിരുന്നു അതെന്നും പറയാം. പുതിയ ജനറേഷന്‍ വന്ന സമയമല്ലേ. ആക്ടിങ് രീതിയും ശബ്ദവും ബോഡി ഫിഗറുമൊക്കെ വേറെയൊരു തിരുത്തലിന്റെ തലത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു.
കാരണം കഷണ്ടിയുള്ള നടനാണ് ഫഹദ് ഫാസില്‍. അയാള്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. സിനിമയില്‍ പിന്നെ പതിയെ അതൊന്നും ഒരു പ്രശ്‌നമല്ലാതെയായി. രൂപം ഒരു പ്രശ്‌നമല്ലെന്ന രീതിയായി.
അഡീഷണല്‍ മേക്കപ്പ് കൊണ്ടോ കോസ്റ്റിയൂം കൊണ്ടോ അദ്ദേഹം സ്വയം മാറിയില്ല. ഏത് രീതിയിലാണോ അദ്ദേഹം കഴിഞ്ഞ സിനിമയില്‍ വന്നത്, അതേപോലെ തന്നെയാകും അടുത്ത സിനിമയിലും വരുന്നത്. പക്ഷെ കഥാപാത്രങ്ങള്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമാകും,’ വാസുദേവ് സനല്‍ പറയുന്നു.
Content Highlight: Director Vasudev Sanal Talks About Bharath Gopi And Fahadh Faasil