| Friday, 5th December 2025, 10:26 pm

സ്ത്രീകളെക്കുറിച്ചുള്ള സിനിമ കാണാന്‍ വന്നത് കൂടുതലും പുരുഷന്മാര്‍, എന്താണ് സംഭവിച്ചതെന്നറിയില്ല: സംവിധായിക വര്‍ഷ ഭരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ബാഡ് ഗേള്‍. വെട്രിമാരന്‍ നിര്‍മിച്ച ചിത്രം നിരവധി ചലച്ചിത്രമേളകളില്‍ കൈയടി നേടിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം വളരെ വൈകിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നിരൂപകര്‍ക്കിടയില്‍ മികച്ച പ്രതികരണം ബാഡ് ഗേള്‍ സ്വന്തമാക്കുകയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റെസ്‌പോണ്‍സില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്ന് പറയുകയാണ് സംവിധായിക വര്‍ഷ ഭരത്. ഈ ചിത്രം അതിന്റെ യഥാര്‍ത്ഥ പ്രേക്ഷകരിലേക്കെത്തിയില്ലെന്നാണ് വര്‍ഷ പറയുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയൊരുക്കിയ ചിത്രം പല സ്ത്രീകളും ഇതുവരെ കണ്ടിട്ടില്ലെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു വര്‍ഷ.

‘തിയേറ്ററില്‍ കുറച്ച് ഫീമെയില്‍ ഓഡിയന്‍സിനെയെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഞാന്‍ പോയ തിയേറ്ററുകളിലെല്ലാം 80 ശതമാനവും പുരുഷന്മാരായിരുന്നു. ഈ സിനിമ എത്തേണ്ട പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന് ആ സമയത്ത് എനിക്ക് തോന്നി. പ്രതീക്ഷക്ക് വിപരീതമായിരുന്നു ഈ സിനിമക്ക് പിന്നീട് സംഭവിച്ചത്.

നെഗറ്റീവ് പബ്ലിസിറ്റിയാണ് സിനിമക്ക് ലഭിച്ചത്. അത് ബോക്‌സ് ഓഫീസില്‍ തിരിച്ചടിയായി. കുറച്ചധികം സ്ത്രീകള്‍ ഈ സിനിമ കണ്ടിരുന്നെങ്കില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെയെങ്കിലും പ്രതീക്ഷിച്ച റിസല്‍ട്ട് ലഭിച്ചേനെയെന്നാണ് അഭിപ്രായം. ഒ.ടി.ടിയിലെത്തിയതിന് ശേഷമാണ് ഒരുപാട് പേര്‍ ഈ സിനിമ കാണുന്നത്. ഒരുപാട് കാലമായി ചെയ്യുന്ന യാത്ര അവസാനിച്ചെന്ന ഫീലാണ് ഇപ്പോള്‍. ഇനി അടുത്ത സിനിമക്കായി ശ്രമിക്കണം’ വര്‍ഷ ഭരത് പറഞ്ഞു.

ഗായികയും നടിയുമായ അഞ്ജലി ശിവരാമനാണ് ബാഡ് ഗേളിലെ നായികയായി വേഷമിട്ടത്. ചെന്നൈയിലെ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച രമ്യ എന്ന പെണ്‍കുട്ടിയുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥപറയുന്ന ചിത്രമാണ് ബാഡ് ഗേള്‍. തന്റെ ഇഷ്ടത്തിനും ആഗ്രഹങ്ങള്‍ക്കും വേണ്ടി ജീവിക്കാന്‍ ശ്രമിക്കുന്ന രമ്യയും അതിന് എതിരായി നില്‍ക്കുന്ന വീട്ടുകാരുടെയും കഥ പറഞ്ഞ ചിത്രം റിലീസിന് മുമ്പ് വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

ബ്രാഹ്‌മണ സമൂഹത്തെ അവഹേളിക്കുന്ന ചിത്രമാണിതെന്ന് അരോപിച്ച് ഒരുകൂട്ടമാളുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റീ സെന്‍സറിങ്ങിന് വിധേയമായ ചിത്രം സെപ്റ്റംബറിലാണ് തിയേറ്ററുകളിലെത്തിയത്. അഞ്ജലിക്ക് പുറമെ ഹൃദു ഹാരൂണ്‍, ശാന്തിപ്രിയ, ടീ.ജേ അരുണാചലം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Content Highlight: Director Varsha Bharath about the theatre response of Bad Girl movie

We use cookies to give you the best possible experience. Learn more